പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്വിറ്റര്‍ അധിക്ഷേപകരമായ ഉള്ളടക്കത്തെക്കുറിച്ചുള്ള തങ്ങളുടെ നിയമാവലി പുന:പരിശോധിക്കണമെന്ന അഭ്യര്‍ഥനയുമായി തെലുങ്ക് നടിയും ടെലിവിഷന്‍ അവതാരകയുമായ അനസൂയ ഭരദ്വാജ്. തനിക്കെതിരേ ഒരു ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുണ്ടായ അധിക്ഷേപ പ്രചരണത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും തങ്ങളുടെ നിയമാവലികളെ അത് മറികടക്കുന്നില്ലെന്ന ട്വിറ്ററിന്റെ മറുപടിയിലാണ് അനസൂയയുടെ പ്രതികരണം. 

ഏതാനും ദിവസം മുന്‍പാണ് അനസൂയയെക്കുറിച്ച് അങ്ങേയറ്റം അധിക്ഷേപകരമായ പോസ്റ്റ് ഒരു ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന് ഉണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ അനസൂയ ട്വിറ്റര്‍ സപ്പോര്‍ട്ടില്‍ ഔദ്യോഗികമായി പരാതിപ്പെട്ടു. എന്നാല്‍ അവരെ നിരാശപ്പെടുത്തുന്നതായിരുന്നു ട്വിറ്ററിന്റെ മറുപടി. 'ലഭ്യമായ വിവരം പരിശോധിച്ചതില്‍നിന്നും, താങ്കള്‍ റിപ്പോര്‍ട്ട് ചെയ്ത ഉള്ളടക്കത്തില്‍ ഞങ്ങളുടെ നിയമങ്ങളെ ലംഘിക്കുന്നതൊന്നും കണ്ടെത്താനായില്ല. വിവരം ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി', ഇങ്ങനെയായിരുന്നു അനസൂയയ്ക്കുള്ള ട്വിറ്ററിന്റെ മറുപടി സന്ദേശം. എന്നാല്‍ തുടര്‍ന്ന് നടി ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

പൊലീസ് നിര്‍ദേശമനുസരിച്ച് ട്വിറ്റര്‍ അധിക്ഷേപകരമായ പോസ്റ്റ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്. വിവാദ ട്വീറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവില്‍ ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പൊലീസിന്റെ സന്ദേശം റീട്വീറ്റ് ചെയ്തിട്ടുണ്ട് അനസൂയ. സിനിമകള്‍ക്ക് പുറമെ 'ജബര്‍ദസ്ത്' എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകയുമാണ് നിലവില്‍ അനസൂയ ഭരദ്വാജ്.