യുവ നടി അനശ്വര രാജൻ അടുത്തിടെ ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്ക് എതിരെ ചിലര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. എന്നാല്‍ അവര്‍ക്ക് മറുപടിയെന്നോണമുള്ള ക്യാപ്ഷനുമായി മറ്റൊരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് അനശ്വര രാജൻ.

 മോഡേണ്‍ ലുക്കിലുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തതിന് ഒരു കൂട്ടര്‍ വിമര്‍ശിക്കുമ്പോള്‍ മറ്റ് ചിലര്‍ പിന്തുണയുമായി എത്തിയിരുന്നു. പതിനെട്ട് ആയതല്ലേ ഉള്ളൂ, അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ എന്നായിരുന്നു ഒരു കമന്റ്. അടുത്തത് എന്ത് വസ്‍ത്രമാണ് എന്നും ചോദിക്കുന്നു. എന്നാല്‍ വസ്‍ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യം അല്ലേ എന്ന് ചോദിച്ച് മറ്റ് ചിലര്‍ അനശ്വരയ്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഫോട്ടോ ഷെയര്‍ ചെയ്‍ത് അനശ്വര രാജൻ രംഗത്ത് എത്തിയിരിക്കുന്നു. ‘ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്‍തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടുവിൻ' എന്നാണ് അനശ്വര രാജൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് അനശ്വര രാജൻ.  തമിഴിലും അനശ്വര രാജൻ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. തൃഷ നായികയാകുന്ന രാംഗി എന്ന ചിത്രത്തിലൂടെയാണ് അനശ്വര തമിഴകത്ത് എത്തുന്നത്.