നോ എൻട്രി 2-വിൽ നിന്ന് ദിൽജിത്ത് ദോസഞ്ജ് പിന്മാറിയതിനെക്കുറിച്ച് സംവിധായകൻ അനീസ് ബസ്മി പ്രതികരിച്ചു.
ദില്ലി: ചംകിലയിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ദിൽജിത് ദോസഞ്ജ് തന്റെ അടുത്ത പ്രോജക്ടുകളായ ഡിറ്റക്ടീവ് ഷെർദിൽ, ബോർഡർ 2 എന്നിവയുടെ തിരക്കിലാണ്. അതേ സമയം അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ബോണി കപൂർ നിർമ്മിക്കുന്ന നോ എൻട്രി 2യില്‍ നിന്നും താരം പിന്‍മാറിയെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു.
ചിത്രത്തിന്‍റെ കഥയില്‍ ചില അഭിപ്രായ വ്യത്യാസങ്ങൾ കാരണമാണ് ദിൽജിത് ചിത്രത്തിൽ നിന്ന് പിന്മാറിയതായി കഴിഞ്ഞ മാസം അഭ്യൂഹങ്ങൾ പരന്നിരുന്നു. നേരത്തെ, ബോണി കപൂർ ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയിരുന്നു. ഇത് യഥാർത്ഥത്തിൽ ഒരു ഡേറ്റ് പ്രശ്നമാണെന്നും അത് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും നിർമ്മാതാവ് പറഞ്ഞത്.
ഇപ്പോള്‍ സംവിധായകന്‍ അനീസ് ബസ്മി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ന്യൂസ് 18 ഷോഷയുമായുള്ള ഒരു ചാറ്റില്‍, ദില്‍ജിത്ത് ഈ പ്രോജക്റ്റില്‍ നിന്ന് പിന്മാറുന്നതില്‍ തനിക്ക് "അസ്വസ്ഥത" ഇല്ലെന്ന് സംവിധായകന്‍ പറഞ്ഞു.
"സിനിമ അതിന്‍റെ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നില്ല. ഈ ഘട്ടത്തിൽ, ആര് വരും, ആര് പോകും എന്നതൊക്കെ പറയാന്‍ പറ്റില്ല. ഞാൻ ചെയ്ത സിനിമകൾ പോലെയല്ല ഇത്, ആ പ്രോജക്ടുകൾക്കായി ഞാൻ ആദ്യം തിരഞ്ഞെടുത്ത അഭിനേതാക്കളോടൊപ്പം മാത്രമേ ഞാൻ പ്രവർത്തിച്ചിട്ടുള്ളൂ." സംവിധായകന്‍ സൂചിപ്പിച്ചു. ദില്‍ജിത്ത് സംവിധായകന്‍റെ കാസ്റ്റിംഗ് ആയിരുന്നില്ല എന്ന സൂചനയാണ് ഇതിലൂടെ അദ്ദേഹം നല്‍കിയത്.
"ഒരു കഥാപാത്രത്തിന് വേണ്ടി രണ്ടാമത്തെയോ മൂന്നാമത്തെയോ ചോയിസായി എത്തിയ അഭിനേതാക്കളോടൊപ്പം ഞാന്‍ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രങ്ങൾ പുറത്തിറങ്ങിയപ്പോൾ, ആ അഭിനേതാക്കൾ കഥാപാത്രങ്ങൾക്ക് കൃത്യമായി യോജിക്കുന്നുണ്ടെന്നും മറ്റാർക്കും ആ ഭാഗങ്ങൾ ഇതുപോലെ അഭിനയിക്കാന്‍ കഴിയില്ലെന്നും പ്രേക്ഷകർക്ക് തോന്നിയിട്ടുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു.
ദില്‍ജിത്തിന്‍റെ പുറത്തുപോകല്‍ തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് അനീസ് ബസ്മി വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഡേറ്റ് വിഷയം കൊണ്ടാണ് ദില്‍ജിത്തിന്‍റെ കാസ്റ്റിംഗ് പ്രശ്നത്തിലായത് എന്നാണ് വിഷയം എന്ന് സംവിധായകനും പറയുന്നു.


