ഇര്‍ഫാൻ ഖാൻ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് അംഗ്രേസി മീഡിയം. ചിത്രത്തിന് മോശമല്ലാത്ത പ്രതികരണം തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നു. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അംഗ്രേസി മീഡിയം ഓണ്‍ലൈനില്‍ ചോര്‍ന്നെന്നാണ് പുതിയ വാര്‍ത്ത. തമിള്‍റോക്കേഴ്‍സ് ആണ് ചിത്രം ഓണ്‍ലൈനില്‍ ചോര്‍ത്തിയത്.

ഇര്‍ഫാൻ ഖാനു പുറമെ കരീന കപൂറായിരുന്നു അംഗ്രേസി മീഡിയത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചത്. 2017ലെ ഹിന്ദി മീഡിയം എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായിരുന്നു അംഗ്രേസി മീഡിയം. വേറിട്ട ചിത്രമാകും എന്ന ആരാധകരുടെ ആകാംക്ഷയ്‍ക്ക് ഒടുവിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നത് അംഗ്രേസി മീഡിയത്തിന്റെ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. അതേസമയം തമിള്‍റോക്കേഴ്‍സിനെതിരെ നടപടിയെടുക്കണമെന്ന് കോടതിയടക്കം നിര്‍ദ്ദേശം നല്‍കിയെങ്കിലും ചിത്രങ്ങള്‍ ചോരുന്നത് പതിവാകുകയാണ്.