തൊണ്ണൂറുകളില്‍ ബോളീവുഡിന്‍റെ പ്രണയനായകനായിരുന്നു അനില്‍ കപൂര്‍. ലക്ഷക്കണക്കിന് ആരാധികമാരുടെ പ്രിയ താരം. അനില്‍ കപൂര്‍ എന്ന പ്രണയ നായകന്‍റെ മനം മയക്കുന്ന പുഞ്ചിരിയില്‍ വീണു പോയ ആരാധികമാരില്‍ ബോളീവുഡ് നായികമാര്‍ വരെയുണ്ടായിരുന്നു.

എന്നാല്‍ താരത്തിന്‍റെ പ്രണയം എന്നും തന്‍റെ പ്രിയ പത്നി സുനിതയോടായിരുന്നു. അത് വിവിധ വേദികളില്‍വെച്ച് തുറന്നു പറഞ്ഞിട്ടുമുണ്ട് താരം. നീണ്ട പതിനൊന്നു വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം 1984ലാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രിയ താരത്തിന്‍റെയും ഭാര്യയുടേയും 35 -ാമത്തെ വിവാഹവാര്‍ഷികമായിരുന്നു ഇന്ന്. ഭാര്യയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ അറിയിച്ചു കൊണ്ട് അനില്‍ കപൂര്‍ പങ്കുവെച്ച ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

'എന്‍റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം അത് നീയാണ്. നമ്മള്‍ ഒന്നിച്ചുള്ള ജീവിതം അതൊരു സാഹസമായിരുന്നു. എന്നാല്‍ നീയെന്‍റെ പ്രണയമായിരുന്നു. നീ മാത്രമാണ് എന്‍റെ പ്രണയം. എന്‍റെ മരണം വരെയും നീ മാത്രമായിരിക്കും എന്‍റെ പ്രണയം. ഞാന്‍ ഇന്ന് എന്തായി തീര്‍ന്നോ അതിന് കാരണം നീ മാത്രമാണ്.

നിന്‍റെ പിന്തുണയാണ് എന്നെ ഞാനാക്കിയത്'. 11 വര്‍ഷത്തെ ഡേറ്റിംഗ്, 35 വര്‍ഷങ്ങളുടെ വൈവാഹിക ജീവിതം. ഇനിയും ഒരു 46 വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു താരത്തിന്‍റെ പോസ്റ്റ്. നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്.