'ആ ഗ്രാമത്തിൽ ഉള്ളവർ എന്റെ കാലിനടിയിൽ നിന്നും മണ്ണെടുത്ത് എന്നെ ഉഴിഞ്ഞു'.

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സിനിമാ-സീരിയൽ താരം അനില ശ്രീകുമാര്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി സീരിയലുകള്‍ ചെയ്തിട്ടുണ്ട് അനില. 33 വർഷമായി അഭിനയരംഗത്തുണ്ട് താരം. ഹരിഹരന്റെ സിനിമകളിലൂടെയായിരുന്നു അഭിനയത്തിലെ തുടക്കമെങ്കിലും പിന്നീട് സീരിയലുകളിൽ സജീവമാകുകയായിരുന്നു. തമിഴിൽ അഭിനയിച്ചപ്പോൾ ഉണ്ടായ തന്റെ അനുഭവം തുറന്നു പറയുകയാണ് താരം. കലാകാരൻമാരെ വലിയ ആളുകളായാണ് അവർ കാണുന്നതെന്നും വലിയ സ്നേഹമാണ് അവിടെ നിന്നും ലഭിച്ചതെന്നും അനില പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''തമിഴ് ഇൻഡസ്ട്രി ഭയങ്കര വെൽകമിങ്ങ് ആണ്. ചിന്നത്തമ്പിയാണ് എന്റെ ആദ്യത്തെ തമിഴ് സീരിയൽ. സംവിധായകൻ അരുൾ രാജ് സാർ ആണ് എനിക്ക് ആ അവസരം നൽകിയത്. അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും എന്നും ഉണ്ടാകും. അവിടുത്തെ സൂപ്പർഹിറ്റ് സീരിയലായിരുന്നു അത്. രണ്ടര വർഷത്തോളം ഉണ്ടായിരുന്നു ആ സീരിയൽ. ആദ്യ വർഷം തന്നെ എനിക്ക് വിജയ് ടിവിയുടെ അവാർഡ് ലഭിച്ചു. രണ്ടാമത്തെ വർഷവും അതേ സീരിയലിനു തന്നെ അവാർഡ് കിട്ടി. എന്റെ മകൻ അന്ന് പ്ലസ് ടുവിന് പഠിക്കുന്ന സമയമാണ്. അവനൊരു ഡാൻസർ കൂടിയാണ്. അന്ന് അവനും എനിക്കൊപ്പം സ്റ്റേജിൽ കയറി. അത്രത്തോളം അവർ ആർടിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നവരാണ്. എന്തൊരു ചെറിയ കഴിവുണ്ടെങ്കിലും അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം തരും. അന്ന് ഞാനും എന്റെ മോനുമൊക്കെ ആ സ്റ്റേജിൽ ഡാൻസ് ചെയ്തു.

ഒരു ദിവസം ഷൂട്ടിങ്ങിനു വേണ്ടി കുറച്ച് ഉള്ളിലേക്കുള്ള ഒരു സ്ഥലത്തേക്കു പോയി. ആ ഗ്രാമത്തിൽ ഉള്ളവർ എന്റെ കാലിനടിയിൽ നിന്നും മണ്ണെടുത്ത് എന്നെ ഉഴിഞ്ഞു. അത്രക്കും സ്നേഹമാണ് അവർക്ക്. അമ്മ എന്നേ വിളിക്കൂ. കൂടെ ജോലി ചെയ്യുന്നവരാണെങ്കിലും അങ്ങനെ തന്നെയാണ് വിളിക്കുന്നത്'', അനില ശ്രീകുമാർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക