അര്‍ജുന്‍ റെഡ്ഡി സംവിധായകനായ സന്ദീപ് റെഡ്ഡി വാംഗ ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ 

സിനിമാവ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് പൈറസി. കാലങ്ങളായി പൈറസിക്കെതിരെ സിനിമാമേഖലയില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഒരു പരിധിക്കപ്പുറം ഇതിനെ തടയാന്‍ ഇനിയും ആയിട്ടില്ല. ഒടിടി കാലത്ത് തിയറ്ററിലേക്ക് പ്രേക്ഷകരെ കൂട്ടുക ദുഷ്കരമാണെന്നിരിക്കെ പൈറസി ഉണ്ടാക്കുന്ന ആഘാതം മുന്‍പത്തേക്കാള്‍ വലുതാണ്. വലിയ പ്രീ റിലീസ് ഹൈപ്പോടെയെത്തുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍ ആദ്യദിനങ്ങളില്‍ തന്നെ ചോരുന്നത് തുടര്‍ക്കഥയാവുകയാണ്. ആ നിരയിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്ന ചിത്രമാണ് ബോളിവുഡ് സിനിമയായ അനിമല്‍.

അര്‍ജുന്‍ റെഡ്ഡി സംവിധായകനായ സന്ദീപ് റെഡ്ഡി വാംഗ ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് മികച്ച പ്രീ ബുക്കിംഗ് ലഭിച്ചിരുന്നു. ആദ്യദിനം സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചതെങ്കിലും മികച്ച ഓപണിംഗ് ആണ് ചിത്രം നേടിയത്. എന്നാല്‍ നിര്‍മ്മാതാക്കള്‍ക്ക് കടുത്ത ആശങ്ക സൃഷ്ടിച്ചുകൊണ്ട് ചിത്രം ചോര്‍ന്നിരിക്കുകയാണ്. ടെലിഗ്രാം ചാനലുകള്‍ക്ക് പുറമെ വാട്സ്ആപ് ഫോര്‍വേഡ് ആയും ചിത്രം പ്രചരിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തിയറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കിപ്പുറമാണ് വ്യാജപതിപ്പ് പ്രചരിക്കാന്‍ തുടങ്ങിയത്.

അതേസമയം മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന ബിഗ് കാന്‍വാസ് ചിത്രങ്ങളെ സംബന്ധിച്ച് പൈറസി ബോക്സ് ഓഫീസില്‍ വലിയ ആഘാതം ഏല്‍പ്പിക്കില്ലെന്നാണ് ഇന്ത്യന്‍ സിനിമയിലെ സമീപകാല അനുഭവം. തമിഴിലെ സമീപകാല ചിത്രങ്ങളായ ജയിലറിന്‍റെയും ലിയോയുടെയും വ്യാജ പതിപ്പുകള്‍ സമാന രീതിയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അവയുടെ കളക്ഷനെ അത് കാര്യമായി ബാധിച്ചില്ല. തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളായി മാറിയിരുന്നു ഈ ചിത്രങ്ങള്‍. 

ALSO READ : കിം​ഗ് ഖാനും സണ്ണി ഡിയോളിനും ചെക്ക് വച്ചോ രണ്‍ബീര്‍? 'അനിമല്‍' ആദ്യദിനം നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം