Asianet News MalayalamAsianet News Malayalam

'അതുവരെ നമ്മള്‍ ഷമ്മിമാരായി തുടരും'; ഇടവേള ബാബുവിന്‍റെ പരാമര്‍ശത്തിനെതിരെ അഞ്ജലി മേനോന്‍

സോഷ്യല്‍ മീഡിയയിലെ ഐക്യദാര്‍ഢ്യ പോസ്റ്റുകള്‍ക്കപ്പുറം പ്രവര്‍ത്തനമേഖലയില്‍ ലിംഗനീതി നടപ്പില്‍ വരുത്താനാണ് ശ്രമിക്കേണ്ടതെന്നും അഞ്ജലി പറയുന്നു

anjali menon about edavela babus statement
Author
Thiruvananthapuram, First Published Oct 14, 2020, 8:08 PM IST

ലൈംഗികാതിക്രമത്തെ അതിജീവിച്ച ഒരു സ്ത്രീയെ മരിച്ചവരുമായി താരതമ്യം ചെയ്യുന്നത് പരിതാപകരമാണെന്ന് അഞ്ജലി മേനോന്‍. 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍റെ പരാമര്‍ശത്തെയും അതിനോട് മൗനം പുലര്‍ത്തുന്ന ചലച്ചിത്രമേഖലയിലെ സഹപ്രവര്‍ത്തകരെയും വിമര്‍ശിക്കുന്നതാണ് അഞ്ജലി മേനോന്‍റെ പുതിയ ബ്ലോഗ്. പ്രവര്‍ത്തനമേഖലയിലടക്കം നടപ്പിലാക്കിയെടുക്കേണ്ട ലിംഗനീതിയെക്കുറിച്ച് നിശബ്ദത തുടരുന്ന കാലത്തോളം 'നമ്മള്‍ ഷമ്മിമാരാ'യി (കുമ്പളങ്ങി നൈറ്റ്സില്‍ ഫഹദ് അവതരിപ്പിച്ച കഥാപാത്രം) തുടരുമെന്നും അഞ്ജലി കുറിച്ചു.

"ഞാനും ഈ സിനിമാമേഖലയിലെ ഒരംഗമാണ്. പക്ഷേ ഇത്രയും അപമാനകരമായ വാക്കുകള്‍ എന്‍റെ മൂല്യത്തെയോ എന്‍റെ ചിന്തയെയോ പ്രതിനിധീകരിക്കുന്നില്ല. എന്‍റെ സംസ്‍കാരം ഇതല്ല. എന്നെപ്പോലെ ചിന്തിക്കുന്ന ഒരുപാടുപേര്‍ സിനിമാ മേഖലയിലുമുണ്ട്. സ്ത്രീയെ ബഹുമാനിക്കുന്നവര്‍. പക്ഷേ അവരില്‍ ഭൂരിപക്ഷവും നിശബ്ദതയാണ് തെരഞ്ഞെടുക്കുന്നത്. ഈ നിശബ്ദത കൂടുതല്‍ അപകടകരമാണ്. ലജ്ജാകരമായ വാക്കുകള്‍ ഉച്ചരിക്കുന്നവര്‍ക്കും നിശബ്ദത പാലിക്കുന്നവര്‍ക്കുമിടയിലുള്ള (അ)സന്തുലിതാവസ്ഥയിലാണ് നമ്മുടെ സിനിമാ മേഖലയ്ക്ക് ഈ സ്ത്രീവിരുദ്ധ പട്ടം ചാര്‍ത്തിക്കിട്ടുന്നത്", അഞ്ജലി മേനോന്‍ പറയുന്നു.

സോഷ്യല്‍ മീഡിയയിലെ ഐക്യദാര്‍ഢ്യ പോസ്റ്റുകള്‍ക്കപ്പുറം പ്രവര്‍ത്തനമേഖലയില്‍ ലിംഗനീതി നടപ്പില്‍ വരുത്താനാണ് ശ്രമിക്കേണ്ടതെന്നും അഞ്ജലി പറയുന്നു. "ഇക്കൂട്ടത്തില്‍ വേറിട്ട് ചിന്തിക്കുന്നവര്‍ അത് തുറന്നുപ്രകടിപ്പിച്ച് മാറിനില്‍ക്കണം. നിശബ്ദരായി ഇരിക്കുന്നതിനു പകരം നാം അവരില്‍ നിന്ന് വ്യത്യസ്തരാണെന്നത് പറയേണ്ടതുണ്ട്. അതിന് തയ്യാറാവാത്തപക്ഷം നമ്മള്‍ അവരുടെ പക്ഷം നിശബ്ദമായി ന്യായീകരിക്കുകയാവും ചെയ്യുക. അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കൊപ്പം നില്‍ക്കുന്നവര്‍ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് നില്‍ക്കുന്നത്. ഇതിനോടൊപ്പം പ്രതികരിക്കാതെ, കണ്ണടച്ച് ഇരിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ജീവനുള്ളവരാണോ എന്ന് എനിക്കറിയില്ല", അഞ്ജലി മേനോന്‍ ബ്ലോഗില്‍ കുറിച്ചു.

Follow Us:
Download App:
  • android
  • ios