അജിത്ത് രാജുവാണ് ഫേസ്ബുക്കിലൂടെ വിവാഹക്കാര്യം അറിയിച്ചത്

ദൃശ്യം 2 ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയയായ നടി അഞ്ജലി നായര്‍ (Anjali Nair) വിവാഹിതയായി. സഹസംവിധായകന്‍ അജിത്ത് രാജുവാണ് (Ajith Raju) വരന്‍. 2021 നവംബര്‍ 21ന് ആയിരുന്നു ഇരുവരുടെയും വിവാഹം. അജിത്ത് രാജുവാണ് സോഷ്യല്‍ മീഡിയയിലൂടെ ഇന്നലെ വിവാഹക്കാര്യം അറിയിച്ചത്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.

മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തില്‍ ബാലതാരമായിട്ട് സിനിമയിലേക്ക് എത്തിയ ആളാണ് അഞ്ജലി. മോഡല്‍ എന്ന നിലയില്‍ നിരവധി പരസ്യ ചിത്രങ്ങളിലും സംഗീത ആല്‍ബങ്ങളിലും ഒപ്പം ടെലിവിഷന്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ല്‍ പുറത്തെത്തിയ തമിഴ് ചിത്രം നെല്ലിലൂടെയാണ് സിനിമയിലെ നായികയായുള്ള തുടക്കം. സീനിയേഴ്സ് എന്ന ചിത്രത്തിലെ റെനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മലയാളത്തില്‍ സജീവമാകുന്നത്. അഞ്ച് സുന്ദരികള്‍, എബിസിഡി, മുന്നറിയിപ്പ്, ലൈല ഓ ലൈല, കനല്‍, കമ്മട്ടിപ്പാടം, ഒപ്പം, പുലിമുരുകന്‍, ടേക്ക് ഓഫ്, ദൃശ്യം 2, കാവല്‍, അണ്ണാത്തെ, ആറാട്ട് തുടങ്ങി 125ല്‍ ഏറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.

പരസ്യചിത്ര സംവിധായകനും തമിഴ്, മലയാളം സിനിമാ മേഖലകളില്‍ അസോസിയേറ്റ് ഡയറക്ടറുമാണ് അജിത്ത് രാജു. ലാല്‍ ജോസ്, വെങ്കട് പ്രഭു അടക്കമുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്. സംവിധായകന്‍ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ആദ്യ ഭര്‍ത്താവ്. 2011ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. 2016ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. അജിത്ത് രാജുവും ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. 

തിയറ്ററുകളില്‍ നിറഞ്ഞാടി മോഹൻലാല്‍, 'ആറാട്ട്' റിവ്യൂ