വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് അഞ്ജലി.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്‍റി 20 യുടെ സ്ഥാനാര്‍ഥിപ്പട്ടികയിൽ സെലിബ്രിറ്റികളുടെ വലിയ നിര തന്നെ ഉണ്ടായിരുന്നു. ചലച്ചിത്ര താരമായ അഞ്ജലി നായരാണ് അവരിലൊരാൾ. തൃപ്പൂണിത്തുറയിലാണ് അഞ്ജലി നായര്‍ മത്സരിച്ചത്.ഇപ്പോഴിതാ തിരഞ്ഞെടുപ്പിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് അഞ്ജലി.

''വളരെ സന്തോഷം നിറഞ്ഞ ദിവസങ്ങളാണ് കടന്നുപോയത്. മകളെപ്പോലെ എന്നെ സ്‌നേഹിച്ച തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഏറെ സ്‌നേഹം നിറഞ്ഞ അമ്മമാർ, ചുട്ടുപൊള്ളുന്ന വെയിലിനെ പോലും വകവെയ്ക്കാതെ കൂടെനിന്ന സംഘടനാ പ്രവർത്തകർ, സഹോദരീ സഹോദരൻമാർ, മണ്ഡലത്തിൻ്റെ വികസനത്തിനായി വോട്ട് ചെയ്ത വോട്ടർമാർക്കും, മാധ്യമ പ്രവർത്തകർക്കും ഓൺലൈൻ മീഡിയ സുഹൃത്തുക്കൾക്കും, എന്റെ എല്ലാ കൂട്ടുകാർക്കും.. തുടങ്ങി ഈ യാത്രയിൽ ഞാൻ കണ്ടുമുട്ടിയ, എന്നോടൊപ്പം സഞ്ചരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.. കൂടപ്പിറപ്പായ് ഞാൻ കൂടെയുണ്ടാകും'', അഞ്ജലി നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‌ പ്രചാരണപരിപാടികൾക്കിടെ അഞ്ജലി പറഞ്ഞ പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ട്രോൾ ആയി മാറിയിരുന്നു. എല്ലാവരും എന്നെ ഇപ്പോൾ എംഎൽഎ എന്നാണ് വിളിക്കുന്നത് എന്ന് ഒരഭിമുഖത്തിൽ അ‍ഞ്ജലി പറഞ്ഞ വാക്കുകളും ട്രോളർമാർ ഏറ്റെടുത്തിരുന്നു. "രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി പാർട്ടിക്കാരുടെ കൂടെ പോയിട്ടാണ് വരുന്നത്. ഒരു ദിവസം ഒരാൾ പറഞ്ഞു, 'വേഗം കൊടുക്ക്, എംഎൽഎ കഴിച്ചിട്ട് പോകട്ടെ ആദ്യം'. അപ്പോൾ ഞാൻ ചോദിച്ചു ‘എംഎൽഎയോ?’, അപ്പോൾ അദ്ദേഹം പറഞ്ഞു 'ഞങ്ങളുടെയൊക്കെ എംഎൽഎ ആണ്' എന്ന്. എല്ലാവരും വിളിക്കുന്നതേ അങ്ങനെ ആണിപ്പോൾ. അവർ എന്നെ അവരുടെ എംഎൽഎ ആയി ഉറപ്പിച്ചു കഴിഞ്ഞു", എന്നായിരുന്നു അഞ്ജലി പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക