അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ചിത്രവുമായി ജൂഡ് ആന്‍റണി ജോസഫ്. 'സാറാസ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍ ആണ് നായകന്‍. സ്വതന്ത്ര സംവിധായികയാവാന്‍ ആഗ്രഹിക്കുന്ന അസോസിയേറ്റ് ഡയറക്ടര്‍ ആണ് 'സാറ'യെന്ന അന്ന ബെന്നിന്‍റെ കഥാപാത്രം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

ഒരു സിനിമാ ലൊക്കേഷനെ അനുസ്‍മരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാന കഥാപാത്രം നില്‍ക്കുന്ന ദൃശ്യമാണ് പോസ്റ്ററില്‍. കൊവിഡ് കാലത്ത് ചിത്രീകരിക്കുന്ന സിനിമകളില്‍ കൂടുതലും ഇന്‍ഡോര്‍ രംഗങ്ങളാണെങ്കില്‍ നിരവധി ഔട്ട്ഡോര്‍ രംഗങ്ങളും ഒട്ടേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉല്‍പ്പെടുത്തിയുമാണ് ജൂഡ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കൊച്ചി മെട്രോയിലും ലുലു മാളിലും വാഗമണിലുമൊക്കെ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു ചിത്രീകരണമെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. 

അന്നബെന്നിനൊപ്പം അച്ഛന്‍ ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദിഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി കൗതുകമുണര്‍ത്തുന്ന താരനിര്‍ണ്ണയവുമാണ് ചിത്രത്തിന്‍റേത്. ക്ലാസ്മേറ്റ്സ് അടക്കം മലയാളത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാക്കളായ ശാന്ത മുരളിയും പി കെ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, ഛായാഗ്രഹണം നിമിഷ് രവി. ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട്‌ വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), പ്രോജക്ട് ഡിസൈനര്‍ ബിനു മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ബിബിന്‍ സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍, പിആര്‍ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് സുഹൈബ്, ഡിസൈന്‍ 24എഎം. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങള്‍ക്കുശേഷം ജൂഡ് ആന്‍റണി ജോസഫ് വീണ്ടും സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രവുമായാണ് വരുന്നത് എന്നതും പ്രത്യേകതയാണ്.