നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. പ്രിയ സുഹൃത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ സത്യൻ അന്തിക്കാട്, ചിതയിലേക്ക് ഒരു കടലാസും പേനയും സമർപ്പിച്ചത് വികാരനിർഭരമായ നിമിഷമായി.
കൊച്ചി: ചിതയിൽ എരിയും മുൻപ് ശ്രീനിക്ക് പേപ്പറും പേനയും സമർപ്പിച്ച് സത്യൻ അന്തിക്കാട്. ഒരു കടലാസും പേനയും ചിതയിലേക്ക് വയ്ക്കുമ്പോൾ സത്യൻ അന്തിക്കാട് വിതുമ്പുകയായിരുന്നു. എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്നാണ് ആ പേപ്പറിൽ എഴുതി വച്ചിരിക്കുന്നത്. അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനൊപ്പം പ്രിയ സുഹൃത്തായ സത്യൻ അന്തിക്കാട് അവസാന നിമിഷം വരെയും ഉണ്ടായിരുന്നു. അൽപ്പ സമയം മുമ്പാണ്
ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി ധ്യാൻ അച്ഛനെ അഭിവാദ്യം ചെയ്തു.
ലയാളക്കരയാകെ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ചു. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ സംസ്കാര ചടങ്ങിലേക്കെത്തി. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപ്തരിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരെത്തിയിരുന്നു.
48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റും നാടോടിക്കാറ്റും ടിപി ഗോപാലഗോപാലൻ എംഎയും സന്ദേശവും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവും ഒന്നും മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരവും ലഭിച്ചു. മലയാളിയുടെ, സിനിമാ പ്രേമികളുടെ മനസില്‍ ശ്രീനിവാസന് മരണമില്ല.


