Asianet News MalayalamAsianet News Malayalam

'ഇപ്പോഴും അയ്യപ്പനും കോശി'യും കാണുമ്പോൾ സാറിനെ ഓർമ്മവരും.. കണ്ണുനിറയും..'

ഇപ്പോഴും അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം തന്നെയാ. സാറ് പോയെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.ലൊക്കേഷനിൽ വച്ച് മാത്രമേ കണ്ടിട്ടുള്ളുവെങ്കിലും, ഇപ്പോഴും അയ്യപ്പനും കോശിയും കാണുമ്പോൾ എനിക്ക് സാറിനെ ഓർമ്മവരും... കണ്ണുനിറയും- നടി അന്നാ രാജൻ ഓര്‍ക്കുന്നു.
 

Anna Rajan writes about Sachy
Author
Kochi, First Published Jun 18, 2021, 10:59 AM IST

സച്ചിയുടെ പേരിന്റെ പെരുമ പതിഞ്ഞ അയ്യപ്പനും കോശിയിലെയും പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അന്നാ രാജന്റേതും. കോശിയുടെ ഭാര്യയായ റൂബിയുടെ കഥാപാത്രമായിരുന്നു അന്നാ രാജന്. കോട്ടയംകാരിയായ ഒരു വീട്ടമ്മയുടെ വേഷം. ആ കഥാപാത്രത്തിന്റെ ചെറിയ ചെറിയ കാര്യങ്ങൾ പോലും പറഞ്ഞായിരുന്നു സച്ചി അന്നാ രാജനെ കഥാപാത്രമാക്കി മാറ്റിയത്. അന്നത്തേതായിരുന്നു സച്ചിയും അന്നാ രാജനും തമ്മിലുള്ള ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്‍ച. ലൊക്കേഷനിൽ വച്ച് മാത്രമേ കണ്ടിട്ടുള്ളുവെങ്കിലും സച്ചി ഒരിക്കലും മനസില്‍ നിന്നും മായില്ലെന്ന്  പറഞ്ഞ് അന്നാ രാജൻ ഓര്‍മകള്‍ പങ്കുവയ്‍ക്കുന്നു.

സച്ചി സാറിനെ കുറിച്ച് മുമ്പ് ഞാൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് 'അയ്യപ്പനും കോശി'യും സിനിമയുടെ ലൊക്കേഷനിൽ വച്ചാണ്. എനിക്ക്  പത്ത് ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളൂ. അതുതന്നെ ആയിരുന്നു അദ്ദേഹവുമായുള്ള അവസാനത്തെ കൂടിക്കാഴ്‍ചയും.

സിനിമയുടെ മുഴുവൻ തിരക്കഥയും ഞാൻ വായിച്ചിരുന്നില്ല. ലൊക്കേഷനിൽ എത്തിയ ശേഷം സാറാണ് എല്ലാം പറഞ്ഞ് തന്നത്. ആ കഥാപാത്രത്തിന്റെ ചെറിയ ചെറിയ കാര്യങ്ങൾ പോലും, അതായത് ഒരു കോട്ടയംകാരി വീട്ടമ്മ എങ്ങനെ ആയിരിക്കുമെന്നത് അടക്കം പറഞ്ഞു തന്നു. പൃഥ്വിരാജിന്റെ ഭാര്യ ആയിട്ടുള്ള ആ കഥാപാത്രത്തെ എന്നിലേക്ക് കൊണ്ടുവരാൻ അദ്ദേഹം നല്ല രീതിയിൽ കഷ്‍ടപ്പെട്ടു.Anna Rajan writes about Sachy

'നീ ടെൻഷൻ ഒന്നും ആകണ്ട പൃഥ്വിരാജിന്റെ നായികയായിട്ട് അല്ലേ അഭിനയിച്ചത്. ഇനിയും അടുത്ത് പടങ്ങൾ വരുന്നുണ്ടല്ലോ. മുഴുനീള കഥാപാത്രത്തിലേക്ക് ഇനിയും വിളിക്കാട്ടോ' എന്നൊക്കെ പറഞ്ഞ് പോയ ആളാണ്. പിന്നെ അറിയുന്നത് അദ്ദേഹത്തിന്റെ വിയോഗ വാർത്തയാണ്. മര്യാദയ്ക്ക് സാറുമായി സംസാരിക്കാൻ പോലും കഴിഞ്ഞില്ല. അദ്ദേഹത്തെ ഒത്തിരി മിസ് ചെയ്യുന്നുണ്ട്.

ലൊക്കേഷനിൽ വളരെ റിലാക്സ്‍ഡായ സംവിധായകനായിരുന്നു സച്ചി സാർ. വലിയ സംവിധായകനാണെന്ന ഭാവമൊന്നും ഇല്ലാത്തയാൾ. ഇത്രയും വലിയൊരു ആളുടെ കൂടെ ജോലി ചെയ്യുക എന്ന് പറയുമ്പോൾ നമുക്കൊരു പേടി ഉണ്ടായിരുന്നു. പക്ഷേ വളരെ കൂളായി ചിരിച്ച് കാര്യം പറഞ്ഞാണ്, എന്റെ അസിസ്റ്റന്റ് ഉൾപ്പടെ ഉള്ളവരോട് അദ്ദേഹം ഇടപെട്ടിരുന്നത്. സാറിന്റെ സെറ്റിൽ എല്ലാവരും വളരെ കൺഫർട്ടബിൾ ആയിരുന്നുവെന്നാണ് എനിക്ക് ഫീൽ ചെയ്‍തിട്ടുള്ളതും. എന്റെ ലൈഫിലെ നല്ലൊരു എക്സ്‍പീരിയൻസ് ആയിരുന്നു സാറിനൊപ്പമുള്ള വർക്ക്.Anna Rajan writes about Sachy

സച്ചി സാറ് ആശുപത്രിയിലാണെന്ന് അറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചൊക്കെ അറിയുന്നുണ്ടായിരുന്നു. അദ്ദേഹം പോയെന്ന് അറിഞ്ഞപ്പോ പ്രയാസായി. പോയി കണ്ടിരുന്നു സാറിനെ... ഇപ്പോഴും അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം തന്നെയാ. സാറ് പോയെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
ലൊക്കേഷനിൽ വച്ച് മാത്രമേ കണ്ടിട്ടുള്ളുവെങ്കിലും, ഇപ്പോഴും അയ്യപ്പനും കോശിയും കാണുമ്പോൾ എനിക്ക് സാറിനെ ഓർമ്മവരും... കണ്ണുനിറയും.

ഈ വർഷത്തെ പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ സച്ചി സാറിനെ കുറിച്ചൊരു ചോദ്യം ഉണ്ടായിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് നല്ല വിഷമം തോന്നി. സാറിന്റെ മനസ്സിൽ എന്തൊക്കെ കഥകൾ ഉണ്ടായിരുന്നെന്ന് അറിയോ? ലൊക്കേഷനിലെ ഇടവേളകളിൽ ഞങ്ങളോട് ഓരോ കഥകളൊക്കെ പറയും. മലയാള സിനിമയെ വേറൊരു തലത്തിലേക്ക് എത്തിക്കാൻ, നിരവധി പ്രോജക്ടുകൾ മനസ്സിൽ കൊണ്ട് നടന്ന ആളാണ് അദ്ദേഹം. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് ഒരു തീരാനഷ്‍ടം തന്നെയാണ്.

അദ്ദേഹത്തിന്റെ  സിനിമകൾ എടുത്ത് നോക്കിയാൽ തന്നെ അറിയാം എല്ലാം വ്യത്യസ്‍തങ്ങളാണ്. തിരക്കഥ ആയാലും സംവിധാനമായാലും. വളരെ വലിയൊരു നഷ്‍ടമാണ് നമുക്ക്. അദ്ദേഹത്തിന്റെ ഓരോ സിനിമകളിലൂടെ എത്രയോ അഭിനേതാക്കൾ രൂപം കൊള്ളേണ്ടതായിരുന്നു. അതെല്ലാം മിസ് ആയിപ്പോയി. സച്ചി സാര്‍ എന്നും ഓര്‍മകളിലുണ്ടാകും. അദ്ദേഹത്തിന്റെ കുടുംബത്തിന് നല്ലതു മാത്രം വരട്ടെ.

Follow Us:
Download App:
  • android
  • ios