അനൂപ് മേനോനും പ്രിയ പ്രകാശ് വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ വരുന്നു. 'ഒരു നാല്‍പതുകാരന്‍റെ ഇരുപത്തൊന്നുകാരി' എന്ന കൗതുകകരമായ ടൈറ്റിലില്‍ എത്തുന്ന ചിത്രത്തിന്‍റെ സംവിധാനം വി കെ പ്രകാശ് ആണ്. അനൂപ് മേനോന്‍റേതു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ.

തീയേറ്ററുകളില്‍ വിജയം നേടിയ ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്‍ജ് എന്നീ സിനിമകള്‍ അനൂപ് മേനോന്‍-വി കെ പ്രകാശ് കൂട്ടുകെട്ടില്‍ നേരത്തെ പുറത്തുവന്നവയാണ്. അനൂപ് മേനോന്‍, വി കെ പ്രകാശ്, ഡിക്സണ്‍ പൊഡുത്താസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ഡിക്സണ്‍ ആദ്യമായാണ് ഒരു സിനിമയുടെ നിര്‍മ്മാണപങ്കാളിയാവുന്നത്.

അതേസമയം അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് തീയേറ്ററുകളിലെത്താനുള്ള ചിത്രമാണ്. തന്‍റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തില്‍ അനൂപ് മേനോനും രഞ്ജിത്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ അനിശ്ചിതമായി അടഞ്ഞുകിടക്കുന്നതിനാല്‍ ഈ ചിത്രത്തിന്‍റെയും റിലീസ് നീണ്ടുപോവുകയായിരുന്നു.