താരസംഘടന അമ്മയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി അന്‍സിബ ഹസന്‍ 

അച്ചടക്ക നടപടിയുടെ ഭാഗമായി താരസംഘടന അമ്മ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി നടിയും സംഘടനയുടെ മുന്‍ ജോയിന്‍റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്‍. സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായി താൻ എന്തു ചെയ്തെന്ന് വ്യക്തമാക്കണമെന്നും കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തത വരുത്തണമെന്നുമാണ് ഇമെയില്‍ മുഖേനയുള്ള മറുപടിക്കത്തില്‍ അന്‍സിബ അറിയിച്ചിരിക്കുന്നത്. ലക്ഷ്മിപ്രിയ, ടിനി ടോം എന്നിവരുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ വ്യക്തിപരമാണ്. താൻ നൽകിയ പരാതികളിൽ സംഘടന നടപടി എടുത്തില്ല. ഈ സാഹചര്യത്തിലാണ് താൻ വ്യക്തിപരമായ നിയമനടപടികൾ തുടങ്ങിയതെന്നും അൻസിബയുടെ മറുപടിയില്‍ ഉണ്ട്. സംഘടനാ നേതൃത്വവുമായി ഒത്തുതീര്‍പ്പിനില്ല എന്ന സൂചന നല്‍കുന്ന മറുപടിക്കത്താണ് അന്‍സിബ നല്‍കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കി സംഘടനയെ തകര്‍ക്കാന്‍ അന്‍സിബ ശ്രമിച്ചുവെന്ന ആരോപണമാണ് അമ്മയുടെ കാരണം കാണിക്കല്‍ നോട്ടീസില്‍. ഉടൻ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഈ മാസം 17-ാം തിയതിക്ക് മുൻപ് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. അൻസിബയുടെ പരസ്യ പ്രസ്താവന സംഘടനക്ക് കളങ്കം ഉണ്ടാക്കിയെന്നും പ്രശ്നം രമ്യമായി പരിഹരിക്കാമായിരുന്നുവെന്നുമാണ് നോട്ടീസില്‍ പറയുന്നത്. ഇന്നലെയാണ് അന്‍സിബയ്ക്ക് അമ്മയുടെ കത്ത് ലഭിച്ചത്. തൊട്ടുപിന്നാലെ അവര്‍ ഇമെയില്‍ വഴി മറുപടി നല്‍കുകയും ചെയ്തു.

അമ്മ സംഘടനയുടെ ഫെബ്രുവരി 14 ന് നടന്ന കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് ഉടലെടുത്ത ആഭ്യന്തര തര്‍ക്കമാണ് സംഘടനയുടെ മുന്നോട്ടുപോക്കിനെ തന്നെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ഇപ്പോള്‍ വളര്‍ന്നിരിക്കുന്നത്. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് അമ്മയുടെ കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ ആയി എത്തിയത്. ഒരു മത സ്ഥാപനം അമ്മയുടെ പരിപാടിക്ക് സ്പോണ്‍സര്‍ ആവുന്നതിനെ എക്സ്ക്യൂട്ടീവ് കമ്മിറ്റിയില്‍ അന്‍സിബ ഹസന്‍ ഉള്‍പ്പെടെ പലരും എതിര്‍ത്തിരുന്നു. ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി ജി നന്ദകുമാര്‍ പ്രസിഡന്‍റായ ക്ഷേത്രമാണ് ഇത്. കുടുംബ സംഗമത്തിന് പിന്നാലെ അന്‍സിബ സംഘടനയിലെ ജോയിന്‍റ് സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലും ജോലി സംബന്ധമായ തിരക്കുകളാലുമാണ് അൻസിബ രാജി വച്ചതെന്നാണ് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തന്‍റെ രാജിക്ക് കാരണം ടിനി ടോം ആണെന്ന് അന്‍സിബ പിന്നീട് വ്യക്തമാക്കിയിരുന്നു. ടിനി ടോം തന്നെ മതവാദിയെന്ന് ആക്ഷേപിച്ചുവെന്ന് അന്‍സിബ ആരോപിച്ചിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | ഏഷ്യാനെറ്റ് ന്യൂസ്