ഈ ചിത്രം ക്ലാസിക്കലും അതേസമയം കമേഴ്‌സ്യലുമായ ഒന്നായിരിക്കുമെന്നും ഹരിഹരന്‍

എം ടി വാസുദേവന്‍ നായര്‍ സിനിമയാക്കണമെന്ന് ആ​ഗ്രഹിച്ച ദീര്‍ഘകാവ്യമായിരുന്നു ഒഎന്‍വി കുറുപ്പ് രചിച്ച ഉജ്ജയിനി. എന്നാല്‍ അദ്ദേഹത്തിന്‍റെ ദീര്‍ഘകാല സിനിമായാത്രയില്‍ ഉജ്ജയിനി ഇടംപിടിച്ചില്ല. മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ ഈ ചിത്രം ഒരുക്കുമെന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു പ്രോജക്റ്റ് സംബന്ധിച്ച് ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും വന്നിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ഹരിഹരന്‍ ആദ്യമായി ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉജ്ജയിനി സിനിമാക്കാനുള്ള തന്‍റെ ആ​ഗ്രഹത്തെക്കുറിച്ചും അത് നടക്കാനുള്ള സാധ്യതകളെക്കുറിച്ചും അദ്ദേഹം പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

“ഉജ്ജയിനി എന്ന പടം പണ്ട് എടുക്കാന്‍ തീരുമാനിച്ചിരുന്നു. അന്ന്​ ​ഗുഡ്‍നൈറ്റ് മോഹന്‍ ആയിരുന്നു (നിര്‍മ്മാണം). ഞാനും മോഹനും എം ടി വാസുദേവന്‍ നായരും കൂടി ഉജ്ജയിനിയില്‍ ഒക്കെ പോയിരുന്നു. ​ഗുഡ്നൈറ്റ് മോഹന്‍ തല്‍ക്കാലം അത് എടുക്കുന്നില്ല എന്ന് തീരുമാനിച്ചു. ഈയിടെ വേണു കുന്നപ്പിള്ളി ഒരു സിനിമയെടുക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അത് സജസ്റ്റ് ചെയ്തു. അയാള്‍ക്ക് വലിയ ഇന്‍ററസ്റ്റിം​ഗ് ആയി തോന്നി. നിങ്ങള്‍ക്ക് താല്‍പര്യമുള്ള വല്ല കഥയുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പല കഥയും പറഞ്ഞു. ഉജ്ജയിനിയുണ്ട്, പയ്യമ്പിള്ളി ചന്തു ഉണ്ട്, മഹാഭാരതത്തിലെ സ്യമന്തകം എന്ന ഒരു കഥയുണ്ട്. ഇതൊക്കെ എനിക്ക് താല്‍പര്യമുള്ളതാണ് ഇപ്പോഴും. ഉജ്ജയിനി പുസ്തകം വായിച്ചുകൊടുത്തപ്പോള്‍ വേണു പറഞ്ഞു നമുക്ക് ഇത് എടുക്കാമെന്ന്”, ഹരിഹരന്‍ പറയുന്നു.

“സ്ക്രിപ്റ്റ് ഒക്കെ എഴുതിവന്നപ്പോള്‍ മമ്മൂട്ടി അഭിനയിക്കണമെന്ന് തോന്നി, പണ്ട് വടക്കന്‍ വീര​ഗാഥയുടെ കാര്യം പറഞ്ഞതുപോലെ. വിക്രമാദിത്യന്‍ ആയിട്ട്. മമ്മൂട്ടി അഭിനയിക്കാമെന്ന് പറഞ്ഞപ്പോളാണ് അയാള്‍ക്ക് കുറച്ച് അസ്വസ്ഥതയൊക്കെ വന്നത്. അങ്ങനെ പ്രോജക്റ്റ് ഡിലേ ആയി. ഞാന്‍ പറഞ്ഞു, മമ്മൂട്ടി വരട്ടെ എന്നിട്ട് ആലോചിക്കാം എന്ന്. ഈയിടെ മമ്മൂട്ടി എന്തായെന്ന് ചോദിച്ചപ്പോള്‍ അഭിനയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അത് ഉടനെ തുടങ്ങാന്‍ സാധിക്കുമെന്ന് വിചാരിക്കുന്നു. തുടങ്ങുമ്പോഴേ ഞാന്‍ അനൗണ്‍സ് ചെയ്യൂ. മമ്മൂട്ടി വേ​​ഗം ഡേറ്റ് ഒക്കെ തരികയാണെങ്കില്‍ അത് തുടങ്ങും. ഇല്ലെങ്കില്‍ ഞാന്‍ എന്‍റെ ​ഗായത്രി സിനിമയുടെ ബാനറില്‍ പുതുമുഖങ്ങളെ വച്ച് ഒരു പടം തുടങ്ങും. ഇനിയിപ്പൊ വെയ്റ്റ് ചെയ്തിട്ട് കാര്യമില്ല. ഞാന്‍ സിനിമയെടുത്തിട്ട് കുറേ കൊല്ലങ്ങളായി. നൃത്തവും പാട്ടും എല്ലാമുള്ള, ക്ലാസിക്കും അതേസമയം കമേഴ്സ്യലും ആയിട്ടുള്ള വ്യത്യസ്തമായ ഒരു പടമായിരിക്കും ഉജ്ജയിനി. അതാണ് എന്‍റെ പ്രതീക്ഷ”, ഹരിഹരന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

Asianet News Live | Malayalam Live News | Kerala News Updates | ഏഷ്യാനെറ്റ് ന്യൂസ്