"വിശ്വാസിയായ ഒരു ബ്യൂറോക്രാറ്റ് അമ്പലത്തിലെത്തുമ്പോള്‍ തൊഴുതേക്കാം. പള്ളിയിലെത്തുമ്പോള്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചേക്കാം. മോസ്‌കിലെത്തുമ്പോള്‍ നിസ്‌കരിക്കുകയും ചെയ്‌തേക്കാം"

പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തങ്ക അങ്കി ദര്‍ശനത്തിനിടെ ശരണംവിളിക്കുന്ന വീഡിയോ വൈറല്‍ ആയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ചിലര്‍ വിമര്‍ശനവും ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് എതിരാണ് ഇതെന്നായിരുന്നു വിമര്‍ശനങ്ങളുടെ കാതല്‍. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര നിര്‍മ്മാതാവ് ആന്‍റോ ജോസഫ്. ഒരു ജില്ലാ കളക്ടര്‍ക്ക് വ്യക്തിപരമായ വിശ്വാസങ്ങള്‍ പാടില്ലെന്ന് ഒരു നിയമസംഹിതയിലുമില്ലെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

ആന്‍റോ ജോസഫിന്‍റെ കുറിപ്പ്

'മാളികപ്പുറം' നാളെ തിയറ്ററുകളിലെത്തുകയാണ്. ശബരിമല തീര്‍ഥാടന കാലവും അത് സൃഷ്ടിക്കുന്ന അനിര്‍വ്വചനീയമായ ഭക്തിയുടെ അന്തരീക്ഷവും പാരമ്യത്തില്‍ നില്‍ക്കവേ അയ്യന്റെ കഥ പറയുന്ന സിനിമ നിങ്ങള്‍ക്കായി അവതരിപ്പിക്കാനായത് ഈശ്വരാനുഗ്രഹമായി കരുതുന്നു. ഈ നല്ല നിമിഷത്തില്‍ ഒരു വീഡിയോ നിങ്ങള്‍ക്കായി പങ്കുവയ്ക്കുകയാണ്. ഇതിനോടകം നിങ്ങളില്‍ പലരും ഇത് കണ്ടിരിക്കാം. പതിവുപോലെ വിവാദങ്ങളും ഉയര്‍ന്നുപൊങ്ങിക്കഴിഞ്ഞു. പക്ഷേ ഇതിലുള്ളത് കളങ്കമില്ലാത്ത ഭക്തി മാത്രമാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ശ്രീമതി ദിവ്യ എസ്. അയ്യരുടെ ഔദ്യോഗിക പദവി കളക്ടറുടേതാണ്. പക്ഷേ കളക്ടര്‍ക്ക് വ്യക്തിപരമായ വിശ്വാസങ്ങള്‍ പാടില്ല എന്ന് ഒരു നിയമസംഹിതയിലും ഔദ്യോഗികചട്ടത്തിലുമില്ല. വിശ്വാസിയായ ഒരു ബ്യൂറോക്രാറ്റ് അമ്പലത്തിലെത്തുമ്പോള്‍ തൊഴുതേക്കാം. പള്ളിയിലെത്തുമ്പോള്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചേക്കാം. മോസ്‌കിലെത്തുമ്പോള്‍ നിസ്‌കരിക്കുകയും ചെയ്‌തേക്കാം. അതൊന്നും പാടില്ലെന്ന് ഒരു ഭരണഘടനയും പറയുന്നില്ല.

തങ്ക അങ്കി ഘോഷയാത്രപോലൊരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ വിശ്വാസിയായതുകൊണ്ടാണ് ശ്രീമതി. ദിവ്യ ശരണം വിളിച്ചത്. ശരണം വിളിയാണ് ശബരിമലയിലെ ആചാരങ്ങളുടെ അടിസ്ഥാനം. അവിടേക്കുള്ള യാത്രയില്‍ നാനാജാതി മതസ്ഥര്‍ വിളിക്കുന്നതും 'സ്വാമിയേ ശരണമയ്യപ്പ' എന്നുതന്നെയാണ്. മകനെയും ഒക്കത്തിരുത്തി പമ്പയില്‍ പവിത്രമായ ഒരു ചടങ്ങിനിടെ ശരണം വിളിക്കുന്നത് ദിവ്യ എസ്. അയ്യര്‍ എന്ന കളക്ടറല്ല, വിശ്വാസിയായ ഒരു സാധാരണ സ്ത്രീയാണ് എന്ന് കരുതിയാല്‍ തീരാവുന്നതേയുള്ളൂ എല്ലാ വിവാദങ്ങളും. അവരുടെ ഭര്‍ത്താവിന്റെ പേര് ശബരീനാഥന്‍ എന്നാണെന്ന് കൂടി ചിന്തിക്കുമ്പോള്‍ ഒരുപക്ഷേ ആ വിശ്വാസത്തിന്റെ തീവ്രത കൂടുതല്‍ തീവ്രമായി മനസ്സിലാക്കാനാകും. മാത്രവുമല്ല ശരണം വിളി ക്ഷേത്രസന്നിധിയിലുള്ള അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍വരുന്ന കാര്യവുമാണ്. അതുകൊണ്ട് ഈ കാഴ്ചയില്‍ വിശ്വാസത്തെ മാത്രം കാണുക, അതിലേക്ക് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തെ കൂട്ടിക്കലര്‍ത്താതിരിക്കുക.

ALSO READ : 'അവതാറി'നും 'കാപ്പ'യ്‍ക്കുമൊപ്പം തിയറ്ററുകളിലെ പുതുവര്‍ഷാഘോഷത്തിന് അഞ്ച് ചിത്രങ്ങള്‍; പുതിയ റിലീസുകള്‍