കൊവിഡ് പ്രതിസന്ധി  മലയാളസിനിമയ്ക്ക് വലിയ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. വര്‍ഷത്തിലെ ഏറ്റവും വലിയ സീസണുകളില്‍ ഒന്നായ വേനലവധിക്കാലം നഷ്ടമായതിനൊപ്പം പൂര്‍ത്തിയായിരിക്കുന്ന ചിത്രങ്ങള്‍ ഇനി എന്ന് റിലീസ് ചെയ്യാനാവുമെന്നത് അനിശ്ചിതവുമായിരിക്കുന്ന അവസ്ഥ. റിലീസ് മാറ്റിവച്ചിരിക്കുന്നവയില്‍ ഏറ്റവും വലിയ ചിത്രം മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം ആണ്. 100 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം മാര്‍ച്ച് 26ന് മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ തീയേറ്ററുകളില്‍ എത്താനിരുന്നതാണ്. എന്നാല്‍ പ്രതിസന്ധിഘട്ടത്തില്‍ മോഹന്‍ലാലിന്‍റെ വാക്കുകളാണ് തനിക്ക് ആശ്വാസം പകര്‍ന്നതെന്ന് ചിത്രത്തിന്‍രെ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു.

ഇപ്പോള്‍ ലോകം മുഴുവന്‍ പഴയതുപോലെയാവാന്‍ പ്രാര്‍ഥിക്കുകയെന്നാണ് മോഹന്‍ലാല്‍ തന്നെ വിളിച്ചു പറഞ്ഞതെന്ന് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു. മനോരമ ദിനപത്രത്തോടാണ് ആന്‍റണിയുടെ പ്രതികരണം. "മറ്റൊന്നും ആലോചിക്കരുത്. പഴയ അവസ്ഥയില്‍ എത്തിയാല്‍ നമുക്ക് എന്തുവേണമെങ്കിലും ചെയ്യാനാവുമെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. അതിനുശേഷം വളരെ ശാന്തമായ മനസ്സുമായാണ് ഞാന്‍ ഉറങ്ങുന്നത്. എല്ലാം ശാന്തമാകുന്ന ദിവസം റിലീസ് ചെയ്യുമെന്നേ പറയാനാകൂ. തുറന്നയുടന്‍ റിലീസിനില്ല. കാരണം 60 രാജ്യങ്ങളുമായി കരാറുണ്ട്. അവിടെയെല്ലാം ഒരുമിച്ചേ റിലീസ് ചെയ്യാനാവൂ", ആന്‍റണി പറയുന്നു.

 

ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്കാണ് നേരത്തെ വിറ്റുപോയിരുന്നത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.