വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്.

യുഎഇ ഗോള്‍ഡന്‍ വിസ (UAE golden visa) സ്വീകരിച്ച് നിർമ്മാതാവും നടനുമായ ആൻണി പെരുമ്പാവൂർ (Antony Perumbavoor). ആന്റണി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിസ നൽകിയതിന് യുഎഇയിലെ അധികൃതർക്ക് അദ്ദേഹം നന്ദി അറിയിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കിയത്.

അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‍സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എം.എ യൂസഫലി, അബുദാബി ചേംബര്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹിലാല്‍ അല്‍ മെഹരി, അനില്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അബുദാബി സാംസ്‍കാരിക വിനോദ സഞ്ചാര വകുപ്പിലെ ഗവണ്‍മെന്റ് അഫയേഴ്‍സ് തലവന്‍ ബാദ്രേയ അല്‍ മസ്‍റൂഇയില്‍ നിന്ന് ഗോള്‍ഡന്‍ വിസ പതിച്ച പാസ്‍പോര്‍ട്ട് ആന്റണി പെരുമ്പാവൂര്‍ സ്വീകരിച്ചു.

മോഹൻലാലിനും മലയാള സിനിമയ്ക്കും ആശിർവാദ് സിനിമാസിനും നന്ദി അറിയിക്കുന്നുവെന്നും ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി രം​ഗത്തെത്തുന്നത്. വർഷങ്ങളായി അഭിനേതാവും നിർമ്മാതാവായും മലയാള സിനിമയിൽ ഉള്ളയാളാണ് ആന്‍റണി. ഒരു അഭിനേതാവായി ആദ്യം മുഖം കാണിച്ച ചിത്രം 1991 ചിത്രം 'കിലുക്ക'മാണ്. തുടര്‍ന്ന് 'മരക്കാര്‍' വരെ മോഹന്‍ലാല്‍ നായകനായ 27 ചിത്രങ്ങളിലും പ്രണവ് മോഹന്‍ലാല്‍ നായകനായ രണ്ട് ചിത്രങ്ങളിലും (ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്) ആന്‍റണി ഇതിനകം അഭിനയിച്ചു. 

Read Also: UAE Golden Visa : യുഎഇ ​ഗോൾഡൻ വിസ സ്വീകരിച്ച് ഉണ്ണി മുകുന്ദൻ, അഭിമാനമെന്ന് താരം

2000ല്‍ പുറത്തെത്തിയ നരസിംഹമാണ് ആശിര്‍വാദ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് മോഹന്‍ലാല്‍ നായകനായ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ആശിര്‍വാദിന്‍റേതായി പുറത്തെത്തി. നിലവില്‍ മോഹന്‍ലാല്‍ നായകനാവുന്ന എല്ലാ സിനിമകളും നിര്‍മ്മിക്കുന്നത് ആശിര്‍വാദ് ആണ്. പ്രിയദര്‍ശന്‍റെ സംവിധാനത്തിലെത്തിയ 100 കോടി ബജറ്റ് ചിത്രം മരക്കാര്‍ ആണ് ഈ നിര്‍മ്മാണ കമ്പനിയുടേതായി പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം. ഷാജി കൈലാസ് മോഹന്‍ലാല്‍ നായകനാക്കി ഒരുക്കുന്ന എലോണ്‍ ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണ്. 

അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് നസ്രിയയ്ക്കും ഫഹദിനും ​ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും താര ദമ്പതികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ നേരത്തെ ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, മീന എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

Read More : Bro Daddy : 'ബ്രോ ഡാഡി'യെ അനുകരിച്ച് ഒരു കൊച്ചുമിടുക്കൻ, വീഡിയോ ഏറ്റെടുത്ത് മോഹൻലാല്‍

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.