തന്‍റെ ആരാധകരുടെ പേരിൽ ദൃശ്യം 3-നെതിരെ വന്ന വ്യാജ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ കൂടുതല്‍ പ്രതികരണവുമായി നടൻ ആന്‍റണി വർഗീസ്
താരാരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ഫാന്‍ ഫൈറ്റുകള്‍ സാധാരണമാണ് ഇപ്പോള്‍. എന്നാല്‍ താരാരാധകരുടെ പേരില്‍ എത്തുന്ന വ്യാജ പ്രചരണങ്ങള്‍ താരങ്ങള്‍ക്കും അവരുടെ ആരാധകര്‍ക്കും ഒരേപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ആന്‍റണി വര്‍ഗീസിന്‍റെ ആരാധകരുടേതെന്ന തരത്തില്‍ വന്ന ഒരു പോസ്റ്റ് അടുത്തിടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആന്‍റണി നായകനായ പുതിയ ചിത്രം കാട്ടാളന്‍ തിയറ്ററുകളില്‍ എത്തിയ ദിവസമാണ് ആന്‍റണി വര്‍ഗീസ് ആരാധകരുടേതെന്ന് അവകാശപ്പെടുന്ന ഒരു പേജില്‍ ദൃശ്യം 3 നെ ആക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇതിന് താനുമായോ തന്‍റെ ആരാധകരുമായോ ബന്ധമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ആന്‍റണി തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. വണ്‍ 2 ടോക്ക്സിന് നല്‍കിയ അഭിമുഖത്തിലാണ് ആന്‍റണി വര്‍ഗീസിന്‍റെ പ്രതികരണം.
തന്‍റെ ആരാധകരുടെ പേരില്‍ ദൃശ്യം 3 നെതിരെ വന്ന പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ആന്‍റണിയുടെ പ്രതികരണം ഇങ്ങനെ- “അത് കണ്ടപ്പോള്‍ ആദ്യം എനിക്ക് ഭയങ്കര വിഷമമായി. പിന്നെ ദേഷ്യവും വന്നു. കാരണം നമ്മള്‍ ഏറ്റവും കൂടുതല്‍ റെസ്പെക്റ്റ് ചെയ്യുന്ന, ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ പടങ്ങള്‍ കണ്ട് നമ്മള്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ഒരാളെക്കുറിച്ച് എന്‍റെ ചിത്രം വച്ചിട്ട് ഒരു ഫേക്ക് പേജിലാണ് അത് വന്നത്. ലാലേട്ടനെപ്പറ്റി മോശമായി പറയുന്നത്. ദൃശ്യം 3 നെപ്പറ്റിയാണ് മോശമായി പറഞ്ഞിരിക്കുന്നത്. വിവരമുള്ള ആരെങ്കിലും ഇത് ചെയ്യുമോ? നമ്മുടെ ഫാന്‍സ് ക്ലബ്ബ് ഇത് ചെയ്തു എന്നാണ് പറയുന്നത്. അങ്ങനെ ശരിക്ക് വല്ലതും അവന്മാര് ചെയ്തുകഴിഞ്ഞാല്‍ എല്ലാത്തിന്‍റെയും കാല് ഞാന്‍ തല്ലിയൊടിക്കും. ഒരിക്കലും ചെയ്യില്ല. ഇവിടെയുള്ള ആരും ചെയ്യില്ല. ലാലേട്ടന്‍ ഫാന്‍സിലെ ആളുകളുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. ഇതിന്‍റെ യാഥാര്‍ഥ്യം അവര്‍ക്ക് മനസിലായി. അവര്‍ ചെക്ക് ചെയ്ത് കഴിഞ്ഞപ്പോള്‍ ഇങ്ങനെയൊരു പേജേ ഇല്ല. ഇത് മനപൂര്‍വ്വം ആരോ ചെയ്യുന്നതാണ്. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്? ഭയങ്കര മോശമല്ലേ? ഞാന്‍ ലാലേട്ടനെപ്പറ്റി അങ്ങനെ പറഞ്ഞു എന്ന രീതിയിലാണ് പുറത്തേക്ക് ന്യൂസ് വരിക”, ആന്‍റണി വര്‍ഗീസ് പറയുന്നു.


