ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ഗോവിന്ദൻ ബിജിഎൻ പ്രൊഡക്ഷൻസിലൂടെ സിനിമാ നിർമ്മാണത്തിലേക്ക് കടക്കുന്നു. രാജസേനൻ സംവിധാനം ചെയ്യുന്ന കോമഡി ഹൊറർ ചിത്രം 'ഡോക്ടർ. പ്രേത് കുമാർ' ആണ് ആദ്യ ചിത്രം. ചന്തുനാഥ്, ഇന്ദ്രൻസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

സ്വർണ്ണ വ്യാപാര രംഗത്ത് വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായി വളർന്ന ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ​ഗോവിന്ദൻ സിനിമാ നിർമ്മാണ രംഗത്തേക്ക് കടക്കുന്നു. പതിറ്റാണ്ടുകളായി സ്വർണ്ണാഭരണ വ്യാപാര മേഖലയിൽ സജീവ സാന്നിധ്യമായ അദ്ദേഹം ബിജിഎൻ പ്രൊഡക്ഷൻസ് എന്ന പുതിയ നിർമ്മാണ ബാനറിലൂടെയാണ് മലയാള സിനിമാ ലോകത്തേക്ക് എത്തുന്നത്. രാജസേനൻ സംവിധാനം ചെയ്യുന്ന 'ഡോക്ടർ. പ്രേത് കുമാർ' ആണ് ഈ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രം. ചിരിയും ഭയവും കോർത്തിണക്കുന്ന കോമഡി ഹൊറർ ചിത്രത്തിൽ വൻ താരനിരയാണുള്ളത്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും തിരുവനന്തപുരത്തു വച്ച് നടന്നു.

കേരളത്തിലെ സ്വർണ്ണ വ്യാപാര രംഗത്ത് ശ്രദ്ധേയമായ സ്ഥാനമുള്ള ഭീമ ജ്വല്ലറിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ബി. ​ഗോവിന്ദൻ. സ്വർണ്ണ വ്യാപാര രംഗത്ത് ഗുണമേന്മ, സുതാര്യത, ഉപഭോക്തൃ വിശ്വാസം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ വ്യവസായ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി വ്യാപാര സംഘടനകളിലും നേതൃത്വപരമായ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്. വ്യാപാര രംഗത്തെ സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ബിസിനസ് രംഗത്തെ വിജയകരമായ യാത്രയ്ക്കു പിന്നാലെയാണ് പുതിയൊരു മേഖലയിലേക്ക് അദ്ദേഹം ചുവടുവെക്കുന്നത്. സിനിമയോടുള്ള താൽപര്യവും സർഗാത്മകമായ പുതിയ സംരംഭത്തിനുള്ള ആഗ്രഹവുമാണ് സിനിമാ നിർമ്മാണ രംഗത്തേക്കുള്ള ഈ കടന്നുവരവിന് പിന്നിൽ. മലയാളത്തിലെ ജനപ്രിയ സംവിധായകരിലൊരാളായ രാജസേനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡിയും ഹൊററും സമന്വയിപ്പിക്കുന്ന ചിത്രത്തിൽ ചിരിയും ഭയവും നിറഞ്ഞ വ്യത്യസ്തമായ സിനിമാനുഭവമാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. ചന്തുനാഥ്, ഇന്ദ്രൻസ്, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, ജയൻ ചേർത്തല, നന്ദുലാൽ, രാജസേനൻ, മാധവ്, ഐശ്വര്യ മിഥുൻ, അനഘ, ശ്രീലക്ഷ്മി, അനിത കൊല്ലം, രാജി മേനോൻ, ദേവതീർത്ഥ, ഹിമ ശങ്കരി, പ്രശാന്ത് മുരളി, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

എൽദോ ഐസക് ഛായാഗ്രഹണം നിർവഹിക്കുന്നു. സാബു റാം കലാസംവിധാനവും സിയാൻ ശ്രീകാന്ത് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. റോണി റാഫേലാണ് സംഗീതസംവിധായകൻ. വയലാർ ശരത് ചന്ദ്ര വർമ്മ, ഡോ. സുജ സതീശ്, രാജസേനൻ എന്നിവരുടേതാണ് ഗാനരചന. എം.ജി. ശ്രീകുമാർ, വൈക്കം വിജയലക്ഷ്മി, ഹരിശങ്കർ കെ.എസ്, മൃദുല വാരിയർ, ഡെസ്റ്റിൻ ടോം, വിഷ്ണുവർദ്ധൻ, അപർണ അശോക്, നിർമ്മല പ്രദീപ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സതീശ് കാവിൽക്കോട്ടാണ് പ്രൊഡക്ഷൻ കൺട്രോളർ. ഷിബു ഗംഗാധരൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും പാർവതി കൃഷ്ണൻ സ്ക്രിപ്റ്റ് അസോസിയേറ്റായും മിഥുൻ ലാൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. സജി കാട്ടാക്കടയാണ് മേക്കപ്പ്. സൂര്യ രാജേശ്വരിയാണ് കോസ്റ്റ്യൂം ഡിസൈനർ. സംഘട്ടനം മാഫിയ ശശി. വി.എഫ്.എക്സ് പോട്ട് ബെല്ലിസ് നിർവഹിക്കുന്നു. മധു സജീവും സമുദ്രയുമാണ് കൊറിയോഗ്രാഫി. അനു പള്ളിച്ചാൽ സ്റ്റിൽ ഫോട്ടോഗ്രഫിയും പ്രമേഷ് പ്രഭാകർ മീഡിയ ഡിസൈനും നിർവഹിക്കുന്നു. രാജസേനന്റെ സംവിധാനവും ശ്രദ്ധേയമായ താരനിരയും സംഗീത വിഭാഗത്തിലെ പ്രമുഖരുടെ സാന്നിധ്യവും ഒന്നിക്കുന്ന 'ഡോക്ടർ. പ്രേത് കുമാർ' മലയാള സിനിമയിലെ പുതിയൊരു കോമഡി ഹൊറർ എന്റർടെയ്നറായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം. പി.ആർ.ഒ: മഞ്ജു ഗോപിനാഥ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming