അനു മോഹന്റെ ബിഗ് ബെൻ ഒടിടിയിലേക്ക് എത്തുന്നു.
അനു മോഹൻ നായകനായി വന്ന ചിത്രമായിരുന്നു ബിഗ് ബെൻ. അതിഥി രവിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴിതാ ബിഗ് ബെൻ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
സണ്‍ നെക്സിലൂടെയാണ് ബിഗ് ബെൻ ഒടിടിയില്‍ എത്തുക. മെയ് 30 മുതലാണ് ഈ ചിത്രത്തിന്റെ സ്‍ട്രീമിംഗ്. ഭൂരിഭാഗവും യുകെയില്‍ ചിത്രീകരിച്ച ഒരു സിനിമയാണ് ബിഗ് ബെൻ. കുടുംബത്തിന്റെ ആര്‍ദ്രത ചാലിച്ച ഒരു ത്രില്ലിംഗ് സിനിമാ കാഴ്‍ചയായിരുന്നു ബിഗ് ബെൻ.
യുകെയിലാണ് ലൗലി ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ജീൻ ആന്റണിയും ഒരേയൊരു മകളും കേരളത്തിലും. ഒരു ഘട്ടത്തില്‍ ലൗലി നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ജീൻ ആന്റണി യുകെയില്‍ എത്തുന്നു. വീട്ടിലെ പ്രാരാബ്‍ധങ്ങള്‍ മാറ്റാനായിരുന്നു പ്രധാന കഥാപാത്രമായ ലൗലി യുകെയിലെത്തുന്നത്. ജീൻ ആന്റണിയും അവിടെ എത്തുന്നതോടെയാണ് കഥയില്‍ വഴിത്തിരിവുണ്ടാകുന്നത്. ഈഗോയിസ്റ്റായ ജീൻ ആന്റണി പ്രശ്‍നങ്ങളില്‍ പെട്ടതിനെ തുടര്‍ന്ന് അവിചാരിതമായ സംഭവങ്ങളുണ്ടാകുന്നു. അതിനെ എങ്ങനെയാണ് ജീൻ ആന്റണി തരണം ചെയ്‍ത് മറികടക്കുക എന്നതാണ് പ്രധാന കഥാ തന്തു.
യുവ നടൻ അനു മോഹനാണ് ചിത്രത്തില്‍ ജീൻ ആന്റണിയായിരിക്കുന്നത്. കഥാപാത്രത്തിന്റെ കാര്‍ക്കശ്യവും പരുക്കൻ സ്വഭാവും ചിത്രത്തില്‍ പകര്‍ത്തുമ്പോഴും കുടുംബനാഥന്റെ ആര്‍ദ്രതയും നിറയുന്നു. ലൗലിയെ അവതരിപ്പിച്ച അതിഥി രവിയും ചിത്രത്തില്‍ വൈകാരികമായ സന്ദര്‍ഭങ്ങളില്‍ പക്വതയോടെ പകര്‍ന്നാടിയിരിക്കുന്നു. വിജയ് ബാബു, ബിജു സോപാനം തുടങ്ങിയവരും മികച്ചതായിരിക്കുന്നു. സജാദ് കാക്കുവാണ് യുകെയുടെ മനോഹാര്യത ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്. ഛായാഗ്രാഹണം പ്രമേയത്തിന്റെ സ്വഭാവത്തിനൊത്താണ്. സംഗീതം അനില്‍ ജോണ്‍സണാണ്. കട്ടുകള്‍ റിനോ ജേക്കബിന്റേതും ആണ്.


