Asianet News MalayalamAsianet News Malayalam

'വ്യാജമായത് സിനിമാപ്രേമികള്‍ ഇന്ന് സ്വീകരിക്കില്ല'; കൊവിഡ് കാലം സൃഷ്ടിച്ച മാറ്റത്തെക്കുറിച്ച് അനുപം ഖേര്‍

അനുപം ഖേര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഊഞ്ഛായി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

anupam kher about the change in movie audience after covid pandemic
Author
First Published Nov 24, 2022, 1:10 AM IST

കൊവിഡ് കാലം സൃഷ്ടിച്ച വലിയ പ്രതിസന്ധിക്കു ശേഷം ഇന്ത്യന്‍ സിനിമാലോകം പതിയെ താളം കണ്ടെത്തി തുടങ്ങുകയാണ്. തെന്നിന്ത്യന്‍ സിനിമകള്‍ വലിയ വിജയഗാഥകള്‍ രചിക്കുമ്പോള്‍ ബോളിവുഡിന്‍റെ പഴയ പ്രതാപം നഷ്ടമായിട്ടുമുണ്ട്. എന്നാല്‍ എണ്ണത്തില്‍ കുറവെങ്കിലും ഹിന്ദി സിനിമയിലും വിജയങ്ങള്‍ സംഭവിക്കുന്നുണ്ട്. ബോളിവുഡിന്‍റെ ഈ പ്രതിസന്ധികാലത്തും മൂന്ന് വിജയചിത്രങ്ങളുടെ ഭാഗമാവാന്‍ ഭാഗ്യം ലഭിച്ച ഒരു നടനുണ്ട്. അനുപം ഖേര്‍ ആണത്. ദ് കശ്മീര്‍ ഫയല്‍സ്, ഊഞ്ഛായി, പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു അനുപം ഖേര്‍. നിങ്ങള്‍ ഒരു താരമാണ് എന്നത് മാത്രം കൊണ്ട് ഇന്നത്തെ കാലത്ത് ഒരു ചിത്രം വിജയിക്കില്ലെന്ന് പറയുന്നു അദ്ദേഹം. ഏഷ്യാനെറ്റ് ന്യൂസ്ഏബിളിനു നല്‍കിയ അഭിമുഖത്തിലാണ് അനുപം ഖേറിന്‍റെ പ്രതികരണം.

"ഉള്ളടക്കമാണ് രാജാവ് എന്നതാണ് ഈ വര്‍ഷം തെളിഞ്ഞത്. താര സംവിധാനം എക്കാലത്തും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അത് സ്വല്‍പം ബുദ്ധിമുട്ട് ഉള്ളതാണ്. നല്ല ഉള്ളടക്കമില്ലാത്ത ഒരു ചിത്രമാണ് നിങ്ങള്‍ കൊണ്ടുവരുന്നതെങ്കില്‍, നിങ്ങളൊരു താരമാണ് എന്നതുകൊണ്ട് മാത്രം അത് തിയറ്ററുകളിലേത്ത് പ്രേക്ഷകരെ എത്തിക്കണമെന്നില്ല". കൊവിഡ് കാലം പ്രേക്ഷകരില്‍ സൃഷ്ടിച്ച വ്യത്യാസത്തെക്കുറിച്ച് അനുപം ഖേര്‍ ഇങ്ങനെ പറയുന്നു- "കൊവിഡ് കാലവും ലോക്ക്ഡൌണുമാണ് പ്രേക്ഷകരെ മാറ്റിമറിച്ചത്. ലോകസിനിമയും പ്രാദേശിക സിനിമയും ഒരുപാട് അവര്‍ കണ്ടു. വ്യാജമായ കാര്യങ്ങളോട് പ്രേക്ഷകര്‍ക്ക് ഒരു അലര്‍ജിയുണ്ട് ഇപ്പോള്‍. അവരെ ചെറുതാക്കുന്ന, അവരുടെ സാമാന്യബുദ്ധിയെയോ വൈകാരികതയെയോ ചോദ്യംചെയ്യുന്ന ഒന്നിനെയും ഇന്ന് അവര്‍ സ്വീകരിക്കുന്നില്ല", അനുപം ഖേര്‍ പറയുന്നു.

ALSO READ : കാത്തിരിപ്പിന് വിരാമം; 'കാന്താര' ഒടിടി റിലീസ് പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം

അമിതാഭ് ബച്ചന്‍, ബോമന്‍ ഇറാനി, പരിണീതി ചോപ്ര എന്നിവര്‍ക്കൊപ്പം അനുപം ഖേറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഊഞ്ഛായി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സൂരജ് ആര്‍ ബര്‍ജാത്യ സംവിധാനം ചെയ്‍ത അഡ്വഞ്ചര്‍ ഡ്രാമ ചിത്രം ആദ്യ 9 ദിനങ്ങളില്‍ നിന്ന് 20.75 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.

Follow Us:
Download App:
  • android
  • ios