മുംബൈ: കൊറോണ വൈറസിൽ നിന്ന് അമ്മ സുഖം പ്രാപിച്ചുവരുന്നുവെന്ന് നടൻ അനുപം ഖേർ. അമ്മയ്ക്കൊപ്പം തന്റെ കുടുംബാംഗങ്ങളും രോഗമുക്തി നേടി വരികയാണെന്നും നടൻ അറിയിച്ചു. ഞായറാഴ്ചയാണ് താരത്തിന്റെ അമ്മ ദുലരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്ത പുറത്തുവന്നത്. 

തന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയാണ് അനുപം ഇക്കാര്യം അറിയിച്ചത്. “അമ്മ മുമ്പത്തേതിനേക്കാൾ സുഖംപ്രാപിക്കുന്നു. രാജു, റീമ, വൃന്ദ എന്നിവരും അങ്ങനെ തന്നെ. ദൈവം ദയയുള്ളവനാണ്“ അനുപം ഖേർ കുറിച്ചു. ദുലരി ക്രിസ്മസ് മരമൊരുക്കുന്ന പഴയൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. 

അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് 19 സ്ഥിരീകരിച്ച വിവരം നടൻ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നത്. മാതാവ് ദുലരി, സഹോദരൻ രാജു, സഹോദരന്റെ ഭാര്യ റിമ, അവരുടെ മകൾ വൃന്ദ എന്നിവർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. തന്റെ പരിശോധന ഫലം നെഗറ്റീവാണെന്നും അനുപം പറഞ്ഞിരുന്നു. ദുലരിയെ മുംബൈ കോകിലബെൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റ് മൂന്ന് പേർ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ്.