അനുപം ഖേറിന്‍റെ കരിയറിലെ 531-ാം ചിത്രം

മലയാളത്തിന്‍റെ സ്ക്രീനില്‍ അനുപം ഖേറിന്‍റെ മുഖം ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഭൂരിഭാഗം പ്രേക്ഷകരുടെയും മനസില്‍ ആദ്യമെത്തുന്ന ചിത്രം മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്‍ത പ്രണയം ആയിരിക്കും. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യൂസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അനുപം ഖേര്‍ അവതരിപ്പിച്ചത്. അച്യുത മേനോന്‍ എന്നായിരുന്നു അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. എന്നാല്‍ പ്രണയത്തിനു മുന്‍പും അനുപം ഖേര്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്‍റെ തന്നെ ഇന്ദ്രജാലം, പ്രജ, ബ്ലെസിയുടെ കളിമണ്ണ്, ഒപ്പം നയന എന്ന ചിത്രത്തിലും അനുപം ഖേര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അനുപം ഖേര്‍ മലയാളത്തിന്‍റെ സ്ക്രീനിലേക്ക് മടങ്ങിയെത്തുകയാണ്. ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍ ആണ് ചിത്രം.

ചിത്രത്തില്‍ ജോയിന്‍ ചെയ്‍തതിന്‍റെ സന്തോഷം അനുപം ഖേര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അനുപം ഖേറിന്‍റെ കരിയറിലെ 531-ാം ചിത്രമാണ് ഇത്. ദിലീപ്, ജഗപതി ബാബു, ജോജു ജോര്‍ജ്, ജനാര്‍ദ്ദനന്‍, വീണ നന്ദകുമാര്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാനായതില്‍ ഏറെ സന്തോഷം. ചിത്രത്തിന്‍റെ കഥ ഏറെ ഇഷ്ടപ്പെട്ടു. ഉഗ്രന്‍ സിനിമ, സഹതാരങ്ങള്‍ക്കൊപ്പം ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അനുപം ഖേര്‍ കുറിച്ചു.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. എന്നാൽ പല കാരങ്ങളാൽ ചിത്രീകരണം താൽകാലികമായി നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. സിദ്ദിഖ്, ജോണി ആന്റണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 

ALSO READ : 'ലാല്‍ സാര്‍ കൂടെയുള്ളപ്പോള്‍ ഞാന്‍ ബജറ്റിനെക്കുറിച്ച് ചിന്തിക്കാറില്ല'; ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു

റാഫി തന്നെയാണ് ചിത്രത്തിന്റെ രചനയും. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം ജസ്റ്റിൻ വർഗീസ്‌, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം എം ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ മുബീൻ എം റാഫി, സ്റ്റിൽസ് ഷാലു പേയാട്, പിആർഒ പി ശിവപ്രസാദ് മഞ്ജു ഗോപിനാഥ്, ഡിസൈൻ ടെൻ പോയിന്റ്.