തിയറ്ററിൽ മികച്ച പ്രതികരണം നേടിയ പുഷ്പ ഈ മാസം ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു.
പുഷ്പ(Pushpa) എന്ന ഹിറ്റ് ചിത്രം കണ്ടതിന് പിന്നാലെ അല്ലു അർജുനെ(Allu Arjun) പ്രശംസിച്ച് ബോളിവുഡ് താരം അനുപം ഖേർ. അല്ലു അർജുനെ റോക്സ്റ്റാർ എന്ന് വിശേഷിപ്പിച്ച നടൻ, അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള താല്പര്യവും പ്രകടിപ്പിച്ചു. പുഷ്പ ടീമിന് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അനുപം ഖേർ കുറിച്ചു.
"പുഷ്പ കണ്ടു. എല്ലാ അർത്ഥത്തിലും ഒരു ബ്ലോക്ക് ബസ്റ്റർ സിനിമ. ജീവിതത്തിൽ കാണുന്നതിനേക്കാൾ വലിയ, മികച്ച ആവേശം പകരുന്ന, ഒരു പൈസ വസൂൽ ചിത്രം. പ്രിയപ്പെട്ട അല്ലു അർജുൻ, നിങ്ങളൊരു റോക്സ്റ്റാർ തന്നെയാണ്. നിങ്ങളുടെ എല്ലാ ചലനങ്ങളും ആറ്റിറ്റ്യൂഡും എനിക്ക് ഇഷ്ടപ്പെട്ടു. നിങ്ങൾക്കൊപ്പം പ്രവർത്തിക്കുവാൻ വേണ്ടി കാത്തിരിക്കുന്നു. പുഷ്പ ടീമിന് എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു", അനുപം ഖേർ ട്വീറ്റ് ചെയ്തു.
പിന്നാലെ നന്ദി അറിയിച്ച് അല്ലു അർജുനും രംഗത്തെത്തി. "അനുപം ജി, നിങ്ങളിൽ നിന്ന് ഹൃദയസ്പർശിയായ പ്രശംസ ലഭിക്കുന്നത് വളരെ സന്തോഷകരമാണ്. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ സാധിക്കുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു. വളരെയധികം നന്ദി", എന്നായിരുന്നു അല്ലു കുറിച്ചത്.
തിയറ്ററിൽ മികച്ച പ്രതികരണം നേടിയ പുഷ്പ ഈ മാസം ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. തെലുങ്കിനൊപ്പം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.
