മലയാളം, തമിഴ് ബൈലിംഗ്വല്‍ ആയി എത്തുന്ന ചിത്രത്തിന്‍റെ തമിഴിലെ പേര് 'രണ്ടകം' എന്നാണ്

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ സര്‍പ്രൈസ് അതിഥിയായി പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ചാക്കോച്ചനൊപ്പം അരവിന്ദ് സ്വാമിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഒറ്റി'ന്‍റെ മുംബൈ ലൊക്കേഷനിലാണ് അനുരാഗ് എത്തിയത്. ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈഷ റബ്ബയുടെ ക്ഷണം സ്വീകരിച്ചായിരുന്നു ഇത്. ഈഷയുടെ അടുത്ത സുഹൃത്താണ് അനുരാഗ്.

മലയാളം, തമിഴ് ബൈലിംഗ്വല്‍ ആയി എത്തുന്ന ചിത്രത്തിന്‍റെ തമിഴിലെ പേര് 'രണ്ടകം' എന്നാണ്. 'തീവണ്ടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഫെല്ലിനി ടി പിയാണ് സംവിധാനം. 25 വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനവേളയില്‍ത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. ഭരതന്‍റെ സംവിധാനത്തില്‍ 1996ല്‍ പ്രദര്‍ശനത്തിനെത്തിയ 'ദേവരാഗ'മാണ് അരവിന്ദ് സ്വാമി ഇതിനുമുന്‍പ് മലയാളത്തില്‍ അഭിനയിച്ച ചിത്രം. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുംബൈ കൂടാതെ ഗോവയും മംഗലാപുരവുമാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. നവംബറോടെ ചിത്രീകരണം പൂര്‍ത്തിയാവും.

View post on Instagram

ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സജീവ് ആണ്. ഒരു റോഡ് മൂവിയുടെ ഘടകങ്ങള്‍ ഉള്ള ചിത്രമെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ് എന്നീ ബാനറുകളില്‍ ആര്യ, ഷാജി നടേശന്‍ എന്നിവരാണ് നിര്‍മ്മാണം. സംഗീതം എ എച്ച് കാശിഫ്. ഛായാഗ്രാഹണം വിജയ്. അപ്പു ഭട്ടതിരി എഡിറ്റിംഗ്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചമയം റോണക്സ് സേവ്യര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona