ജംഷഡ്‍പുരില്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്‍ത്‍ കൊന്ന സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി നടി അനുഷ്‍ക ശര്‍മ്മ. ഇനിയൊരാള്‍ക്കും അത്തരമൊരു കുറ്റം ചെയ്യാൻ തോന്നാത്തവിധമുള്ള ശിക്ഷ അക്രമികള്‍ക്ക് നല്‍കണമെന്ന് അനുഷ്‍ക ശര്‍മ്മ സാമൂഹ്യമാധ്യമത്തിലൂുടെ ആവശ്യപ്പെട്ടു.

ജംഷഡ്‍പുരില്‍ റെയില്‍വെ സ്റ്റേഷനില്‍ അമ്മയുടെ അരികെ ഉറങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‍ത സംഭവം മനുഷ്യത്വരഹിതവും അധമവുമാണ്. ദേഷ്യം കൊണ്ട് വിറയ്‍ക്കുന്നു. ഭീതിതമായ സംഭവമാണ് അത്- അനുഷ്‍ക ശര്‍മ്മ പറയുന്നു. കുറ്റക്കാരെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്നും മറ്റൊരു പോസ്റ്റില്‍ അനുഷ്‍ക ശര്‍മ്മ ആവശ്യപ്പെടുന്നു. പൈശാചിക കൃത്യം ചെയ്‍തവരെ എത്രയും പെട്ടെന്ന് നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ഹീനവും, രാക്ഷസീയവുമായ ഇത്തരമൊരു കുറ്റം ചെയ്യാൻ ഇനി ഒരാളും ധൈര്യപ്പെടാത്ത തരത്തിലുള്ള ഗൌരവമായ ശിക്ഷ നല്‍കണം- അനുഷ്‍ക ശര്‍മ്മ പറയുന്നു.