തന്റെ 'എമർജൻസി' എന്ന സിനിമ പ്രൊപ്പഗണ്ടയാണെന്ന് പറഞ്ഞ് റഹ്മാൻ സഹകരിക്കാൻ വിസമ്മതിച്ചുവെന്നും, അദ്ദേഹത്തെപ്പോലെ മുൻവിധിയും വെറുപ്പുമുള്ള മറ്റൊരാളെ കണ്ടിട്ടില്ലെന്നും കങ്കണ.
എ.ആർ റഹ്മാനെതിരെ വിമർശനവുമായി കങ്കണ റണൗത്ത്. റഹ്മാനെ പോലെ മുൻവിധിയും വെറുപ്പുമുള്ള ഒരാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും, താൻ സംവിധാനം ചെയ്ത എമർജൻസി സിനിമയെ കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ പ്രൊപ്പഗണ്ട സിനിമയുടെ ഭാഗമാവാൻ താത്പര്യമില്ലെന്ന് റഹ്മാൻ പറഞ്ഞതായി താൻ അറിഞ്ഞുവെന്നും കങ്കണ കുറിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.
വിക്കി കൗശൽ നായകനായി എത്തിയ ഛാവ എന്ന ചിത്രത്തെ കുറിച്ച് റഹ്മാൻ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് കങ്കണയുടെ പ്രതികരണം. ഛാവ വിഭജനമുണ്ടാക്കുന്ന ഒന്നാണെന്നും അത്തരം വിഭജനങ്ങളെ സിനിമ മുതലെടുക്കുകയാണെന്നുമായിരുന്നു റഹ്‌മാന്റെ വിമർശനം.
"ഒരു കാവി പാർട്ടിയെ പിന്തുണയ്ക്കുന്നതിനാൽ സിനിമാ മേഖലയിൽ എനിക്ക് വളരെയധികം മുൻവിധിയും പക്ഷപാതവും നേരിടേണ്ടി വരുന്നു, പക്ഷേ നിങ്ങളേക്കാൾ മുൻവിധിയും വെറുപ്പും ഉള്ള ഒരു മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഞാൻ സംവിധാനം ചെയ്യുന്ന 'എമർജൻസി' എന്ന ചിത്രത്തെ കുറിച്ച് നിങ്ങളോട് പറയാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ആഖ്യാനം മറന്നേക്കൂ, നിങ്ങൾ എന്നെ കാണാൻ പോലും വിസമ്മതിച്ചു. ഒരു പ്രൊപ്പഗണ്ട സിനിമയുടെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ അറിഞ്ഞു. വിരോധാഭാസമെന്നു പറയട്ടെ, എല്ലാ വിമർശകരും എമർജൻസിയെ ഒരു മാസ്റ്റർപീസ് എന്ന് വിളിച്ചു. പ്രതിപക്ഷ പാർട്ടി നേതാക്കൾ പോലും എന്നെ അഭിനന്ദിച്ച് സന്ദേശമയച്ചു. പക്ഷേ നിങ്ങളുടെ വെറുപ്പ് നിങ്ങളെ അന്ധനാക്കിയിരിക്കുന്നു. എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു." കങ്കണ കുറിച്ചു.
കഴിഞ്ഞ എട്ട് വർഷമായി തനിക്ക് ബോളിവുഡിൽ അവസരം കുറയുന്നുവെന്ന റഹ്‌മാന്റെ നിലപാടും വലിയ ചർച്ചയായിരുന്നു. ബോളിവുഡിൽ വീണ്ടും അവസരങ്ങൾ ലഭിക്കണമെങ്കിൽ ഘർവാപസി ചെയ്യണമെന്ന് വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞതും വലിയ ചർച്ചയിരുന്നു. അദ്ദേഹം ഒരിക്കൽ ഹിന്ദുവായിരുന്നു. എന്തിനാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്. 'ഘർവാപസി' (ഹിന്ദു മതത്തിലേക്ക് തിരിച്ചുവരൽ) ചെയ്യൂ. ഒരുപക്ഷേ നിങ്ങൾക്ക് വീണ്ടും അവസരം കിട്ടിയേക്കാമെന്നും വിഎച്ച്പി നേതാവ് പറഞ്ഞു.

ഹാൻസ് സിമ്മറോടൊപ്പം 'രാമായണ' ഒരുങ്ങുന്നു
അതേസമയം നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'യിൽ ഹാൻസ് സിമ്മറോടൊപ്പം സംഗീത സംവിധാനം നിർവഹിക്കുന്നത് എ.ആർ റഹ്‌മാനാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന ഖ്യാതിയോടെയാണ് ചെയ്യുന്ന രാമായണ ഒരുങ്ങുന്നത്. രൺബീർ കപൂറും സായ് പല്ലവിയും രാമനും സീതയുടെയും വേഷത്തിലെത്തുന്ന ചിത്രത്തിൽ രാവണനായി യാഷും എത്തുന്നുണ്ട്.
കൂടാതെ ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എആർ റഹ്‌മാനോടൊപ്പം ലോക സംഗീതത്തിലെ അതുല്യ പ്രതിഭ ഹാൻസ് സിമ്മറും കൈകോർക്കുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ ഉറ്റുനോക്കുന്നത്. ശ്രീധർ രാഘയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആദ്യഭാഗം ഈ വർഷത്തെ ദീപാവലിക്കും രണ്ടാം ഭാഗം അടുത്ത വർഷവുമായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ. 875 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് കണക്കാക്കിയിരിക്കുന്നത്.



