മുംബൈ: ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ 2019 ലെ ഏറ്റവും ശക്തരായ 50 സ്ത്രീകളുടെ പട്ടികയില്‍ ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയും. 39ാം സ്ഥാനത്താണ് അനുഷ്ക പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിലെ പ്രായംകുറഞ്ഞ വ്യക്തിയും അനുഷ്കയാണ്. ആനന്ദ് എല്‍ റായിയുടെ ഷാരൂഖ് ഖാന്‍ ചിത്രം സീറോ ആയിരുന്നു അനുഷ്കയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 

വ്യാവസായിക സാംസ്കാരിക ഇടപെടലുകളിലൂടെ ബിസിനസ് രംഗത്ത് കരുത്തുതെളിയിച്ച രാജ്യത്തെ ശക്തരായ വനിതകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടി, നിര്‍മ്മാതാവ് എന്നതിലുപരി അനുഷ്ക ശര്‍മ്മ നഷ് എന്ന വസ്ത്രവ്യാപാരശൃംഖലയുടെ ഉടമകൂടിയാണ്. 

മിന്ത്ര, ലവീ, നിവ്യ, എല്ലെ 18 എന്നിവയുടെ ബ്രാന്‍റ്  അംബാസിഡര്‍ കൂടിയാണ് അനുഷ്ക. 25ാം വയസ്സിലാണ് അനുഷ്ക ശര്‍മ്മ സ്വന്തമായി ക്ലിന്‍ സ്ലേറ്റ് ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചത്. ഹിന്ദി ചിത്രങ്ങളായ എന്‍എച്ച് 10, ഫിലൗരി, പരി എന്നിവ അനുഷ്ക നിര്‍മ്മിക്കുകയും ചെയ്തു. നെറ്റ്ഫ്ലിക്സുമായി ചേര്‍ന്ന് ബുള്‍ബുള്‍ എന്ന ചിത്രവും  മായ് എന്ന വെബ് സീരീസും അനുഷ്കയും ക്ലിന്‍ സ്ലേറ്റ് നിര്‍മ്മിച്ചു. ആമസോണ്‍ പ്രൈം വീഡിയോയ്ക്കായി ഒരു വെബ്‍സീരീസിന്‍റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.