തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയയായ നായികയാണ് അനുഷ്‍ക ഷെട്ടി. അനുഷ്‍ക ഷെട്ടി നായികയായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത് നിശബ്‍ദം ആണ്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് അനുഷ്‍ക ഷെട്ടി അടുത്തതായി നായികയാകുക. ആക്ഷനും പ്രാധാന്യമുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ എത്തുകയെന്നതാണ് റിപ്പോര്‍ട്ട്.

നായിക കേന്ദീകൃതമായ പ്രമേയമായിരിക്കും സിനിമയ്‍ക്ക്. ഗോവിന്ദ് നിഹാലനിയുടെ നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രം. അനുഷ്‍ക ഷെട്ടി ഒട്ടേറെ ആക്ഷൻ രംഗങ്ങള്‍ ചിത്രത്തില്‍ ചെയ്യാനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.  സംസാരിക്കാനാകാത്ത സാക്ഷി എന്ന ചിത്രകാരിയായിട്ടാണ് നിശബ്‍ദത്തില്‍ അനുഷ്‍ക ഷെട്ടി അഭിനയിക്കുന്നത്. മാധവൻ സംഗീതഞ്ജനായി ചിത്രത്തില്‍ അഭിനയിക്കുന്നു.അനുഷ്‍ക ഷെട്ടിയുടെ ഉറ്റ സുഹൃത്തായി ശാലിനി പാണ്ഡെ അഭിനയിക്കുന്നു. സാക്ഷി എന്ന കഥാപാത്രത്തിന് സംസാരിക്കാൻ സഹായിക്കുന്നത് ശാലിനി പാണ്ഡെയാണ്. ഹേമന്ത് മധുര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്നു. നിശബ്‍ദം അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രീകരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗീഷ് ഭാഷകളില്‍. കൊന വെങ്കട് ഗോപി മോഹൻ, എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. യുഎസ്സില്‍ ആണ് ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത്. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് നിശബ്‍ദം ഒരുക്കുന്നത്. അടുത്ത ജനുവരി 31നാണ് ചിത്രം റിലീസ് ചെയ്യുക.