വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ 10-ാം ചിത്രമാണ് ഇത്

മലയാളത്തിന് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് അന്‍വര്‍ റഷീദ്. 2020 ല്‍ റിലീസ് ചെയ്യപ്പെട്ട ട്രാന്‍സ് ആണ് അദ്ദേഹത്തിന്‍റേതായി ഏറ്റവുമൊടുവില്‍ പുറത്തെത്തിയത്. ഇപ്പോഴിതാ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് അന്‍വര്‍ റഷീദ്. ആര്‍ഡിഎക്സ് നിര്‍മ്മാതാവ് സോഫിയ പോള്‍ ആണ് നിര്‍മ്മാണം. സിനിമാ രം​ഗത്ത് തങ്ങള്‍ ഒരു ദശാബ്ദം പിന്നിടുന്നതിന്‍റെ ഭാ​ഗമായി ഒരേ ദിവസം നാല് ചിത്രങ്ങളാണ് സോഫിയ പോളിന്‍റെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. ഇതില്‍ നാലാമത്തെ പ്രോജക്റ്റ് ആയാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ 10-ാം ചിത്രമാണ് ഇത്. നേരത്തെ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാം​ഗ്ലൂര്‍ ഡെയ്സ് നിര്‍മ്മിച്ചത് അന്‍വര്‍ റഷീദും സോഫിയ പോളും ചേര്‍ന്നായിരുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ആദ്യ നിര്‍മ്മാണസംരംഭവും ഈ ചിത്രമായിരുന്നു. അതേസമയം അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തിലെത്തുന്ന ആറാമത്തെ ഫീച്ചര്‍ ചിത്രമാണ് വരാനിരിക്കുന്നത്. വന്‍ വിജയം നേടിയ ഉസ്താദ് ഹോട്ടല്‍ പുറത്തിറങ്ങി ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു ട്രാന്‍സ് പുറത്തിറങ്ങിയത്. ആയതിനാല്‍ത്തന്നെ വന്‍ പ്രീ റിലീസ് ഹൈപ്പോടെയാണ് ചിത്രം എത്തിയത്. എന്നാല്‍ തിയറ്ററുകളില്‍ കാര്യമായ പ്രേക്ഷകപ്രീതി നേടാന്‍ ചിത്രത്തിന് ആയില്ല. 

Scroll to load tweet…

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഇന്ന് പ്രഖ്യാപിച്ച ചിത്രങ്ങളിലൊന്ന് ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ്. സൂപ്പര്‍ഹിറ്റ് ചിത്രം ജാനെമന്‍, മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ടാമത്തേത്. ആര്‍ഡിഎക്സ് സംവിധായകന്‍ നഹാസ് ഹിദായത്തിന്‍റേത് തന്നെയാണ് മൂന്നാമത്തെ പ്രോജക്റ്റ്. ഇതില്‍ അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം കടലിന്‍റെ പശ്ചാത്തലത്തിലുള്ള ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ്. 

ALSO READ : ബുധന്‍, വ്യാഴം ദിനങ്ങളെ മറികടന്ന് വെള്ളി; 'ജവാന്‍' ഒന്‍പത് ദിനങ്ങളില്‍ നേടിയ കളക്ഷന്‍: ഒഫിഷ്യല്‍

WATCH >> "മമ്മൂക്ക പറഞ്ഞത് ഞാന്‍ മറക്കില്ല"; മനോജ് കെ യു അഭിമുഖം: വീഡിയോ