''മാധ്യമപ്രവർത്തനത്തിൽ തുടങ്ങി ഫ്ലൈറ്റ് അറ്റൻഡന്റായി, ഒടുവിൽ ഞാൻ ആസ്വദിച്ചു ചെയ്യുന്ന ഒന്നിലേക്ക് തന്നെ തിരിച്ചെത്തി''.

ഇതുവരെയുള്ള ജീവിതത്തിൽ നിന്നും തന്നെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസിലാക്കിയ കാര്യങ്ങൾ പങ്കുവെച്ച് ഇൻഫ്ളുവൻസറും സോഷ്യൽ മീഡിയ താരവുമായ അപർ‌ണ തോമസ്. ഇപ്പോൾ ചെയ്യുന്നതിൽ നിന്നും വലുതെന്തൊക്കെയോ ചെയ്യാനാണ് താൻ ജനിച്ചതെന്ന് തോന്നിയിട്ടുണ്ടെന്നും എങ്കിലും ഇപ്പോൾ ജീവിക്കുന്ന ജീവിതത്തെ സ്നേഹിക്കുന്നുവെന്നും അപർണ കുറിച്ചു.

''ഞാൻ നാല് വർഷത്തോളം ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്തിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും ആകാശത്ത് ചിലവഴിച്ചത് യാതൊരു ഭയവുമില്ലാതെയാണ്. എന്നാൽ ഇപ്പോൾ, വിമാനം ചെറുതായൊന്നു കുലുങ്ങിയാൽ പോലും ഞാൻ എന്റെ ജീവിതത്തെക്കുറിച്ചോർത്ത് പേടിക്കും.

അതിരാവിലെ ഉറക്കമുണരുന്നതു ശീലിക്കാൻ ഞാൻ വർഷങ്ങളോളം ശ്രമിച്ചു. പക്ഷേ രാവിലെ 8 മണിക്കു മുൻപ് ഉണർന്നാൽ എന്റെ അന്നത്തെ ദിവസത്തിന്റെ മൂഡ് തന്നെ പോകും.

എനിക്ക് ഇക്കണോമിക്‌സിൽ രണ്ട് ബിരുദങ്ങളുണ്ട്, പക്ഷേ ഞാനത് ഇന്നേവരെ ഒന്നിനും ഉപയോഗിച്ചിട്ടില്ല. എവിടെയും അതിന്റെ സർട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നിട്ടില്ല. സത്യം പറഞ്ഞാൽ, ആ സർട്ടിഫിക്കറ്റ് ഇതുവരെ യൂണിവേഴ്സിറ്റിയിൽ പോയി വാങ്ങിച്ചിട്ടുപോലുമില്ല. അതിപ്പോൾ ഒരു പതിറ്റാണ്ടായി.

ഓൺലൈൻ ഷോപ്പിംഗ് എനിക്കൊരു തെറാപ്പി പോലെയാണ്. വാങ്ങിയ ഡ്രസുകളൊന്നും എനിക്ക് പാകമാകാതെ ആ പാക്കേജ് മൊത്തമായി തിരികെ അയക്കേണ്ടി വന്നാൽപ്പോലും, കടകളിൽ നേരിട്ട് പോകാതെ ഓർഡർ ചെയ്യുന്ന ആ പ്രക്രിയ തന്നെയാണ് യഥാർത്ഥത്തിൽ എനിക്ക് മാനസിക സന്തോഷം തരുന്നത്.

എനിക്ക് ഒരുപാട് കാര്യങ്ങൾ നന്നായി ചെയ്യാൻ കഴിയുമെന്ന് തോന്നാറുണ്ട്, എന്നാൽ ഏതെങ്കിലും ഒന്നിൽ ഞാൻ അസാമാന്യ പ്രതിഭയാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. പക്ഷേ, അതെന്നെ ഒരിക്കലും അലട്ടിയിട്ടില്ല, കാരണം അത്രയധികം കഴിവുള്ള ആളുകളാണ് എനിക്ക് ചുറ്റുമുള്ളതെന്ന് എനിക്കറിയാം.

ഈ പ്രായത്തിനുള്ളിൽ ഞാൻ എന്റെ ജീവിതത്തിലെ പലതും പൂർണമായി മാറ്റിമറിച്ചു. മാധ്യമപ്രവർത്തനത്തിൽ തുടങ്ങി ഫ്ലൈറ്റ് അറ്റൻഡന്റായി, ഒടുവിൽ ഞാൻ ആസ്വദിച്ചു ചെയ്യുന്ന ഒന്നിലേക്ക് തന്നെ തിരിച്ചെത്തി- കണ്ടന്റ് ക്രിയേഷൻ. ഇപ്പോൾ ഞാൻ ഇതൊരു മുഴുവൻ സമയ ജോലിയാക്കി മാറ്റുകയും അതിലൂടെ ജീവിക്കുകയും ചെയ്യുന്നു. എങ്കിലും ഞാൻ അറിയുന്ന പകുതിയിലധികം ആളുകളും ഇപ്പോഴും വിശ്വസിക്കുന്നത് ഇതൊരു ജോലിയല്ല എന്നാണ്.

എപ്പോഴും ഇതിലും വലുതെന്തോ ചെയ്യാനാണ് ഞാൻ ജനിച്ചതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ കഴിവുകൾ ഉപയോഗിക്കാതെ വെറുതെ പാഴായിപ്പോകുമോ എന്നതാണ് എന്റെ ഏറ്റവും വലിയ ഭയവും. പ്രായം കൂടുംതോറും ആ പേടിയും വലുതായിക്കൊണ്ടിരിക്കുന്നു. എങ്കിലും, ഞാൻ ഇപ്പോൾ ജീവിക്കുന്ന ഈ ജീവിതത്തെ ഞാൻ സ്നേഹിക്കുന്നു. വളർച്ച എന്നത് എല്ലായ്പ്പോഴും നേർരേഖയിലുള്ള ഒന്നല്ല, ഉള്ളതിൽ നന്ദിയുള്ളവരായിരിക്കുക'', അപർണ തോമസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക