റേഡിയോ മോസ്‍കോയെന്നാണ് ചിത്രത്തിന്റെ പേര്.

അര്‍ജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. റേഡിയോ മോസ്‍കോയെന്നാണ് ചിത്രത്തിന്റെ പേര്. പ്രേമലു ഫെയിം അഖിലാ ഭാര്‍ഗവനാണ് ചിത്രത്തിലെ നായിക. ഇരുവരും പ്രധാന കഥാപാത്രങ്ങളായി ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം കൂടിയാണ് റേഡിയോ മോസ്‍കോ.

മനോജ് കാനയാണ് സംവിധാനം ചെയ്യുന്നത്. ചായില്യം, അമീബ, കെഞ്ചിറ, ഖെദ്ദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രമാണ് റേഡിയോ മോസ്‍കോ. ഓഗസ്റ്റ് രണ്ടിന് റേഡിയോ മോസ്‍കോയുടെ ചിത്രീകരണം തുടങ്ങും. ഇര്‍ഷാദ് അലി, അഭിരാം രാധാകൃഷ്‍ണൻ, അനുമോള്‍, സി ഷുക്കൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. ചിത്രം അവതരിപ്പിക്കുന്നത് സൈറണ്‍ ഫിലിം ആൻഡ് സിനിമാസ് ആണ്. പ്രതാപ് പി നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമനാണ്. മനോജ് കണ്ണോത്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

അര്‍ജുൻ അശോകൻ അടുത്തിടെ പൂര്‍ത്തിയാക്കിയ ചിത്രം ഷാനി ആണ്. റോഷൻ മാത്യും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി വേഷമിടുന്നു. നിഖില്‍ മോഹന്റെ മെല്‍കോ പോണ്ടിച്ചേരിയിലും അഞ്ചരക്കള്ളക്കോക്കാൻ സംവിധായകൻ ഉല്ലാസ് ചെമ്പന്റെ മള്‍ടി സ്റ്റാര്‍ ചിത്രമായ ഡിസ്‍കോയിലും അര്‍ജുൻ അശോകൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അഖില ഭാര്‍ഗ്ഗവൻ സീ5നറെ ഹൊറര്‍ സീരീസായ മുത്തശ്ശിയിലാണ് ഒടുവില്‍ വേഷമിട്ടത്. ബിജു മേനോൻ നായകനാകുന്ന അവറാച്ചൻ ആൻഡ് സണ്‍സില്‍ ശ്രീനാഥ് ഭാസിക്കും ഗണപതിക്കുമൊപ്പം നിര്‍ണ്ണായക വേഷത്തില്‍ എത്തുന്നുമുണ്ട്, സംഗീത് പ്രതാപും ഷറഫുദ്ദീനും നായകരാകുന്ന ചിത്രമായ ഇറ്റ്സ് എ മെഡിക്കല്‍ മിറാക്കിള്‍ എന്ന ചിത്രത്തിലും അഖില ഭാര്‍ഗവൻ വേഷമിടുന്നുണ്ട്. പ്രേമലുവിലെ സഹതാരമായ ശ്യാം മോഹനൊന്നിച്ചും ഇനിയും പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ഒരു ചിത്രത്തിലും അഖിലാ ഭാര്‍ഗവൻ കൈകോര്‍ക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക