രാജീവ് രവിയുടെ തുറമുഖം, ടിനു പാപ്പച്ചന്‍റെ അജഗജാന്തരം തുടങ്ങിയ വരാനിരിക്കുന്ന നിരവധി ശ്രദ്ധേയ പ്രോജക്ടുകളില്‍ അര്‍ജുന് വേഷമുണ്ട്
അച്ഛനായതിന്‍റെ സന്തോഷം പങ്കുവച്ച് യുവതാരം അര്‍ജുന്‍ അശോകന്‍. 'ഞങ്ങളുടെ രാജകുമാരി എത്തി, അച്ഛന്‍റെ പെണ്‍കുട്ടി, അമ്മയുടെ ലോകം', പെണ്‍കുട്ടിയുടെ അച്ഛനായതിന്‍റെ സന്തോഷം പങ്കുവച്ച് ഫേസ്ബുക്കില്‍ അര്‍ജുന്‍ അശോകന്‍ കുറിച്ചു. കുഞ്ഞിനെ കൈയില്‍ എടുത്തിരിക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം അര്‍ജുന്‍ ചേര്‍ത്തിട്ടുണ്ട്.
2018 ഡിസംബര്‍ രണ്ടിനായിരുന്നു അര്‍ജുന്‍റെയും നിഖിതയുടെയും വിവാഹം. ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥയാണ് തമ്മനം സ്വദേശിയായ നിഖിത. ഒന്‍പത് വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയകാലത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
നടന്‍ ഹരിശ്രീ അശോകന്‍റെ മകനായ അര്‍ജുന്‍ 2012ല്‍ 'ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കെത്തിയത്. എന്നാല്‍ 2017 മുതലാണ് അദ്ദേഹം അഭിനയരംഗത്ത് സജീവമായതും മികച്ച വേഷങ്ങള്‍ തേടിയെത്താന്‍ തുടങ്ങിയതും. പറവ, ബി ടെക്, വരത്തന്‍, ജൂണ്‍, ഉണ്ട, അമ്പിളി, ട്രാന്‍സ് തുടങ്ങി ഒരുപിടി വിജയചിത്രങ്ങളില്‍ അര്‍ജുന്‍ ഇതിനകം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രാജീവ് രവിയുടെ തുറമുഖം, ടിനു പാപ്പച്ചന്‍റെ അജഗജാന്തരം തുടങ്ങിയ വരാനിരിക്കുന്ന ചിത്രങ്ങളിലും അര്‍ജുന് വേഷങ്ങളുണ്ട്.
