നന്ദമുരി കല്യാൺ റാം നായകനായ അർജുൻ സൺ ഓഫ് വൈജയന്തി ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. 

ഹൈദരാബാദ്: അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ഇമോഷണല്‍ ആക്ഷൻ ഡ്രാമയാണ് അർജുൻ സണ്‍ ഓഫ് വൈജയന്തി. മുന്‍കാല ആക്ഷന്‍ ഹീറോയിന്‍ വിജയശാന്തിയുടെ വലിയ തിരിച്ചുവരവ് എന്ന രീതിയിലാണ് നന്ദമുരി കല്യാൺ റാം നായകനായി എത്തിയ ചിത്രം പ്രമോട്ട് ചെയ്യപ്പെട്ടത്. 18 ഏപ്രിലില്‍ തീയറ്ററില്‍ എത്തിയ ചിത്രം എന്നാല്‍ ബോക്സോഫീസില്‍ കാര്യമായ ചലനം ഒന്നും ഉണ്ടാക്കിയില്ല. 

44 കോടി മുടക്കിയാണ് പടം എടുത്തതെങ്കിലും ആഗോളതലത്തില്‍ ചിത്രം നേടിയത് വെറും 15 കോടിയാണ്. ആന്ധ്ര സംസ്ഥാനങ്ങളില്‍ തന്നെ ചിത്രം വലിയ പരാജയം ആയിരുന്നു. ഇപ്പോള്‍ റിലീസ് ചെയ്ത് ഒരു മാസം ആകും മുന്‍പ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്. 

മെയ് 12നാണ് ആമസോൺ പ്രൈം വീഡിയോയിൽ ഔദ്യോഗികമായി ചിത്രം എത്തിയത്. പ്രദീപ് ചിലുകുരി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നന്ദമുരി കല്യാൺ റാമും വിജയശാന്തിയും തുല്യ പ്രധാന്യമുള്ള കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എന്നിരുന്നാലും ഒടിടിയില്‍ എത്തിയ ചിത്രം ഇതുവരെ ഇന്ത്യയിൽ സ്ട്രീമിംഗിന് ലഭ്യമല്ല. നിലവിൽ, യുകെയിലെ പ്രേക്ഷകർക്ക് മാത്രമേ ഇത് ലഭ്യമാകൂ. അവിടെ ഇത് 4.49 പൗണ്ടിന് വാടകയ്ക്ക് സ്ട്രീം ചെയ്യാം. എന്നാല്‍ ഇന്ത്യൻ പ്രേക്ഷകർക്ക് അധികകാലം ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കേണ്ടി വരില്ല എന്നാണ് വിവരം. കാരണം 28 ദിവസത്തിനുള്ളില്‍ ചിത്രം ഒടിടിയില്‍ എത്തും എന്നാണ് വിവരം. 

വൈകാരികമായ കഥയും ക്ലൈമാക്സിനും മികച്ച പ്രകടനവും ഒക്കെയായി എത്തിയ ചിത്രം എന്നാല്‍ പ്ലോട്ടില്‍ വളരെ പിന്നില്‍ പോയി എന്നാണ് റിവ്യൂകള്‍ വന്നത്. സായി മഞ്ജരേക്കർ നായികയായി അഭിനയിച്ചിരുന്നത്. തെലുങ്ക് താരം ശ്രീകാന്ത് വില്ലന്‍ വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു. അശോക് വർദ്ധൻ മുപ്പ, സുനിൽ ബാലുസു എന്നിവരാണ് എൻ ടി ആർ ആർട്‌സ് അശോക ക്രിയേഷൻസ് എന്നിവരുടെ ബാനറില്‍ ചിത്രം ഒരുക്കിയത്.  അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്.