കൊവിഡ് കാലത്ത് ലഭിച്ച വര്‍ധിച്ച വൈദ്യുതി ബില്ലിനെക്കുറിച്ച് കേരളത്തില്‍ നിന്നുമുയര്‍ന്ന പരാതിക്ക് സമമായിരുന്നു മുംബൈ, ദില്ലി നഗരങ്ങളില്‍ നിന്നും ഉണ്ടായത്. മുംബൈ നിവാസികളായ ബോളിവുഡ് താരങ്ങളില്‍ പലരും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തനിക്കു ലഭിച്ച ഉയര്‍ന്ന ബില്ലിനെക്കുറിച്ച് പറയുകയാണ് ബോളിവുഡ് നടന്‍ അര്‍ഷാദ് വര്‍സി. ട്വിറ്ററിലൂടെയാണ് അര്‍ഷാദിന്‍റെ പ്രതികരണം.

തനിക്ക് ഏറ്റവുമൊടുവില്‍ ലഭിച്ച വൈദ്യുതി ബില്‍ 1.03 ലക്ഷമാണെന്ന് അര്‍ഷാദ് വര്‍സി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പിന്നാലെ തമാശമട്ടില്‍ അദ്ദേഹം ഇങ്ങനെകൂടി കുറിച്ചു- "സഹൃദയരേ ദയവായി എന്‍റെ പെയിന്‍റിംഗുകള്‍ വാങ്ങുക. എനിക്ക് എന്‍റെ വൈദ്യുതി ബില്‍ അടയ്ക്കണം. അടുത്ത ബില്ലിനുവേണ്ടി ഞാന്‍ എന്‍റെ കിഡ്‍നികള്‍ മാറ്റിവച്ചിരിക്കുന്നു". അര്‍ഷാദിന്‍റെ പെയിന്‍റിംഗുകളെക്കുറിച്ച് വന്ന പത്ര ഫീച്ചറിന്‍റെ ചിത്രത്തിനൊപ്പമാണ് ട്വീറ്റ്.

തപ്‍സി പന്നു, സോഹ അലി ഖാന്‍, നേഹ ധൂപിയ, വീര്‍ ദാസ്, രേണുക സഹാനെ തുടങ്ങിയ മുംബൈ നിവാസികളായ ബോളിവുഡ് താരങ്ങളൊക്കെ ഉയര്‍ന്ന വൈദ്യുതി ബില്ലിനെക്കുറിച്ചുള്ള പരാതികളുമായി രംഗത്തെത്തിയിരുന്നു. സാധാരണ ലഭിക്കുന്നതിന്‍റെ മൂന്നു മുതല്‍ 10 മടങ്ങു വരെ ഉയര്‍ന്ന ബില്ലാണ് ഇപ്പോള്‍ ലഭിച്ചതെന്നാണ് പരാതി. അദാനി, മഹാഡിസ്‍കോം, ടാറ്റ പവര്‍, ബെസ്റ്റ് തുടങ്ങിയ സ്വകാര്യ കമ്പനികള്‍ വൈദ്യുതി വിതരണ രംഗത്തു പ്രവര്‍ത്തിക്കുന്ന നഗരമാണ് മുംബൈ. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള ലോക്ക് ഡൗണ്‍ കാലത്ത് ശരാശരി ഉപഭോഗത്തിനനുസരിച്ച് ബില്‍ നല്‍കാനാണ് നിര്‍ദേശം നല്‍കിയിരുന്നതെന്നും അതാണ് ഈ മേഖലയിലുള്ള കമ്പനികള്‍ ചെയ്‍തതെന്നുമാണ് വിഷയത്തില്‍ മഹാരാഷ്ട്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍റെ പ്രതികരണം.