തമിഴകത്തിന്റെ തല അജിത്ത് സിനിമയില്‍ മാത്രമല്ല ഷൂട്ടിംഗിലും താരമാണ്. തമിഴ്‍നാട് സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പില്‍ ആറ് മെഡലുകളാണ് അജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. 900ത്തിലധികം ഷൂട്ടർമാർ ആണ് മത്സരിച്ചത്.  മാര്‍ച്ച് രണ്ട് മുതൽ മാര്‍ച്ച് ഏഴ് വരെയായിരുന്നു മത്സരം നടന്നത്. ചെന്നൈ റൈഫിൾ ക്ലബിനെ പ്രതിനിധീകരിച്ച് ആയിരുന്നു അജിത്ത് മത്സരത്തില്‍ പങ്കെടുത്തത്. നാല് സ്വര്‍ണ്ണവും രണ്ടും വെള്ളിയുമാണ് അജിതും ടീമും സ്വന്തമാക്കിയത്.

ചെന്നൈ റൈഫിള്‍ ക്ലബ്ബിൽ സിദ്ധാര്‍ഥ് ശിവകുമാര്‍, എ ജഗന്നാഥൻ, സുമീത് ഹര്‍കിഷൻദാസ് സാങ്‍വി, വിജയ് കുമാര്‍, മധു, എസ് സുധാകര്‍ എന്നിവരാണ് അജിത്തിനൊപ്പം മത്സരിച്ചത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീ സെന്‍റര്‍ ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീറ്റര്‍ സ്റ്റാന്റേർഡ് പിസ്റ്റള്‍ വിഭാഗത്തിലും 50 മീറ്റര്‍ ഫ്രീ പിസ്റ്റൾ വിഭാഗത്തിലുമാണ് സ്വര്‍ണ്ണമെഡൽ ഇവര്‍ സ്വന്തമാക്കിയത്. ഒട്ടേറെ പേരാണ് അജിത്തിനും ടീമിനും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.  അജിത്ത് വലിമൈ എന്ന സിനിമയിലാണ് ഇപോള്‍ അഭിനയിക്കുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം വൈകിയത്. ഇപോള്‍ സിനിമ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അജിത്ത്.

എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും വലിമൈ.