Asianet News MalayalamAsianet News Malayalam

മൂത്തമകളോടാണ് കടപ്പാട്; നാല് പെണ്‍മക്കളുടെ അച്ഛനായ കൃഷ്‍ണകുമാര്‍ പറയുന്നു

മൂത്ത മകള്‍ അഹാന കൃഷ്‍ണകുമാറിനോടാണ് പാരന്റിംഗില്‍ കടപ്പാട് എന്ന് നടൻ കൃഷ്‍ണകുമാര്‍.

Artist Krishnakumar share his thought
Author
Thiruvananthapuram, First Published May 8, 2020, 4:37 PM IST

മലയാളി പ്രേക്ഷകര്‍ക്ക് സ്വന്തം കുടുംബമെന്ന പോലെ പരിചിതമാണ് നടൻ കൃഷ്‍ണകുമാറിന്റെ കുടുംബം. നടിയെന്ന നിലയില്‍ ശ്രദ്ധേയയായ അഹാന കൃഷ്‍ണകുമാര്‍ എന്ന മകള്‍ ഉള്‍പ്പടെയുള്ളവരാണ് കൃഷ്‍ണകുമാറിന്റെ കുടുംബം. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ എങ്ങനെയാണ് തന്റെ കുടുംബം മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നത് എന്ന് പറയുകയാണ് കൃഷ്‍ണകുമാര്‍. പോസറ്റീവിറ്റിയും നെഗറ്റീവിറ്റിയും ഉള്‍ക്കൊണ്ടുള്ളതാണ് തങ്ങളുടെ ജീവിതം എന്ന് കൃഷ്‍ണകുമാര്‍ പറയുന്നു.

കൃഷ്‍ണകുമാര്‍- സിന്ധു കൃഷ്‍ണകുമാര്‍ ദമ്പതിമാര്‍ക്ക് നാല് പെണ്‍മക്കളാണ് ഉള്ളത്. അഹാന കൃഷ്‍ണ, ദിയ കൃഷ്‍ണ,  ഇഷാനി കൃഷ്‍ണ, ഹൻസിക  കൃഷ്‍ണ എന്നിവര്‍. ഇവരുടെ കുസൃതികളും ചിരിയുമൊക്കെ കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്യുമ്പോള്‍ അഭിനന്ദനവുമായി ആരാധകരും രംഗത്ത് എത്താറുണ്ട്. നാല് പെണ്‍മക്കളോടും കൃഷ്‍ണകുമാര്‍ കാട്ടുന്ന കരുതലും വാത്സല്യവും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. എന്നാല്‍ സിനിമയില്‍ കാണുന്നതുപോലെ എപ്പോഴും സന്തോഷം മാത്രമുള്ള കുടുംബമല്ല തന്റേത് എന്ന് കൃഷ്‍ണകുമാര്‍ പറയുന്നു. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഞങ്ങള്‍. അതിന്റെ ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. എല്ലാവരും പറയാറുണ്ട് പോസറ്റീവ് ആകണം എന്ന്. പക്ഷേ അങ്ങനെയല്ല. പോസറ്റീവും നെഗറ്റീവും ചേര്‍ന്നതാണ് ജീവിതം. നെഗറ്റീവിലും കുറച്ച് പോസറ്റീവ് ഉണ്ടാകുമല്ലോ. മൂത്ത മകളിലാണ്  പാരന്റിംഗില്‍ ഞങ്ങളുടെ പരീക്ഷണം നടത്തിയത്. അതുവരെ പാരന്റിംഗ് എന്തെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. മൂത്ത മകളിലൂടെയാണ് ഞങ്ങള്‍ അതൊക്കെ പഠിച്ചത്. അതുകൊണ്ട് അവളോടാണ് ഞങ്ങള്‍ക്ക് കടപ്പാട് ഉള്ളത്. അടുത്ത കുട്ടിയില്‍ നിന്ന് പിന്നീടുള്ള കാര്യങ്ങള്‍ പഠിച്ചു. സിനിമയില്‍ കാണുന്നതുപോലെ എപ്പോഴും സന്തോഷം ഉള്ള കുടുംബം ഒന്നും അല്ല. കാരണം ഞാനും സിന്ധുവും വലിയ അഭിപ്രായ വ്യത്യാസമുള്ളയാള്‍ക്കാരാണ്. നല്ല ഭര്‍ത്താവും ഭാര്യയൊന്നുമല്ല. അതുകൊണ്ട് അതിന്റെ പ്രശ്‍നങ്ങള്‍ ഒക്കെയുണ്ടാകും. പക്ഷേ അതൊക്കെ ചേര്‍ന്നതാണ് കുടുംബം. ഞാൻ കുട്ടികളോട് എപ്പോഴും പറയും, നമ്മള്‍ നമ്മളായി തന്നെ ഇരിക്കുക. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് വിചാരിച്ച് കാര്യം പറയാതിരിക്കരുത്. നമ്മള്‍ ഒരു കാര്യം പറയുമ്പോള്‍ ആദ്യം ചിലപ്പോള്‍ അത് അംഗീകരിക്കാൻ പറ്റിയെന്നുവരില്ല. പക്ഷേ ഇതാണ് അഹാന, ഇതാണ് കൃഷ്‍ണകുമാര്‍ എന്ന് മനസിലാക്കണം. മുമ്പ് പറയും തെറ്റുകളില്‍ നിന്ന് പഠിക്കണം എന്ന്. ഇപ്പോള്‍ മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് കൂടി പഠിക്കണമെന്ന് ആണ് ഞാൻ പറയുക. കാരണം അവര്‍ക്ക് പറ്റിയ തെറ്റിയ തെറ്റ് നമുക്ക് പറ്റാൻ പാടില്ലല്ലോയെന്നും കൃഷ്‍ണകുമാര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios