കന്നഡ നടൻ ചിരഞ്ജീവി സര്‍ജയുടെ മരണം അക്ഷരാര്‍ഥത്തില്‍ എല്ലാവരെയും സങ്കടത്തിലാക്കിയിരുന്നു. മേഘ്‍ന രാജിന്റെ ഭര്‍ത്താവാണ് ചിരഞ്ജീവി സര്‍ജ എന്നതിനാല്‍ മലയാളികള്‍ക്ക് ആ വാര്‍ത്ത കണ്ണീരായി. ഒരു ഞെട്ടലോടെയായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണവാര്‍ത്ത എല്ലാവരും കേട്ടത്. ചിരഞ്‍ജീവി സര്‍ജയ്‍ക്കൊപ്പവും മേഘ്‍നയ്‍ക്കൊപ്പവും നസ്രിയ നില്‍ക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നസ്രിയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മേഘ്‍ന രാജും ആ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

മേഘ്‍ന രാജുമായും ചിരഞ്‍ജീവി സര്‍ജയുമായും സൌഹൃദമുള്ളയാളാണ് നസ്രിയ. അവരുടെ സൌഹൃദം ഫോട്ടോയില്‍ കാണുകയും ചെയ്യാം. ഒട്ടേറെ ആരാധകരാണ് അവരുടെ സൌഹൃദത്തെ അഭിനന്ദിച്ച് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചീരുവെന്നാല്‍ ആഘോഷമാണ് എന്നായിരുന്നു അടുത്തിടെ ഒരു കുറിപില്‍ മേഘ്‍ന എഴുതിയിരുന്നത്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. മറ്റൊരു തരത്തില്‍ ആകുന്നത് നിനക്ക് ഇഷ്‍ടമാകില്ലെന്ന് എനിക്ക് അറിയാം. ചീരു, തന്റെ പുഞ്ചിരിയുടെ കാരണം നീയാണ് എന്നും മേഘ്‍ന പറഞ്ഞു.