രേണു സുധിയും രജിത്കുമാറും ഒന്നിച്ചുള്ള വീഡിയോകള്‍ സൈബറിടങ്ങളിൽ വൻ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സുധിയുടെ മരണ ശേഷം നാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി മുന്നോട്ട് പോകുന്ന രേണുവിന് പലപ്പോഴും വൻ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനിടെ രേണുവിനെ മുൻ ബിഗ്ബോസ് താരം രജിത് കുമാർ ഉപദേശിക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു. നീയും ദാസേട്ടനും എന്തുവേണമെങ്കിലും കാണിച്ച് കൂട്ടിക്കോ, അവസാനം അയാൾ തുള്ളിച്ചാടി പോകും നീ പെട്ടുപോകും എന്നാണ് രജിത്കുമാർ അന്ന് പറഞ്ഞത്. അതിനു ശേഷം രേണുവും രജിത്കുമാറും ഒന്നിച്ചുള്ള വീഡിയോകളും സൈബറിടങ്ങളിൽ വൻ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
രേണുവും രജിത് കുമാറും ഒന്നിച്ചുള്ള ഒരു റാംപ് വാക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ നിയമം ലംഘിച്ചുള്ള ഇവരുടെ കാർ യാത്രയ്ക്കെതിരേയും വിമർശനം ഉയർന്നിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രേണു.
മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
''എനിക്ക് അദ്ദേഹം സഹോദര തുല്യനാണ്. അദ്ദേഹം തിരിച്ച് എന്നേയും അങ്ങനെയാണ് കാണുന്നത്. അവിടെ ഓൺലൈൻ മാധ്യമങ്ങൾ പറയുന്ന കമന്റൊന്നും ഞാൻ കാര്യമാക്കിയിട്ടേ ഇല്ല. അതൊക്കെ ചിരിച്ച് തള്ളുകയാണ് ചെയ്തത്. കാറിൽ ഇരിക്കുന്ന വീഡിയോയിൽ ഞാൻ ഒരു ചേച്ചിയുടെ മടിയിൽ ആണ് ഇരിക്കുന്നത്. ആ ചേച്ചിയുടെ ഭർത്താവ് പുറകിൽ ഇരിപ്പുണ്ടായിരുന്നു. അവരെ റെയിൽവേ സ്റ്റേഷനിൽ വിടണമായിരുന്നു. സീറ്റ് ബെൽറ്റ് ഇടണമല്ലോ. രജിത്തേട്ടൻ അത് വലിച്ചിടുകയാണ് ചെയ്തത്. പിന്നെ കമന്റുകളെല്ലാം ഞാൻ തമാശയായി എടുക്കുകയാണ് ചെയ്യുന്നത്'', രേണു സുധി അഭിമുഖത്തിൽ പറഞ്ഞു.


