എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഫസ്റ്റ് ബേബിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. എന്റെ കുട്ടിയോട് ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ എനിക്ക് സഹിക്കാന്‍ പറ്റോ? എന്നും സാന്ദ്ര ചോദിക്കുന്നു.
നടനും സഹനിര്‍മ്മാതാവുമായിരുന്ന വിജയ് ബാബുവുമായി പ്രശ്‌നമുണ്ടാകാൻ കാരണം ഫ്രൈഡേ ഫിലിം ഹൗസില്‍ നടന്ന തിരിമറിയാണെന്ന് സാന്ദ്രാ തോമസ്. ഇക്കാര്യം ചോദ്യം ചെയ്യുകയും അതില്‍ പ്രധാനിയായ ആളെ ഓഫീസില്‍ നിന്നും പറഞ്ഞയക്കുകയും ചെയ്തു. വിജയ്ക്ക് വേണ്ടപ്പെട്ട ആളായിരുന്നു അതെന്നും സാന്ദ്ര പറയുന്നു. അതുകൊണ്ട് തന്നെ വ്യക്തിപരമായി ഒരുപാട് പ്രശ്‌നങ്ങളുണ്ടായെന്നും സാന്ദ്ര വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ ‘സാന്ദ്രമായി ഓണം’ എന്ന പരിപാടിയിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
"ആ സമയത്ത് ഒന്നും പറഞ്ഞില്ലെങ്കിലും കുറച്ച് നാളുകള്‍ക്ക് ശേഷം വിഷയം വഷളായി വന്നു. അല്ലാതെ, ഞങ്ങള്‍ തമ്മില്‍ വേറെ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ എല്ലാ കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത് സിനിമയുടെ കാര്യങ്ങളിലാണ്. വിജയ്ക്ക് ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കില്ല എനിക്ക് ഇഷ്ടപ്പെടുന്നത്. ഞങ്ങള്‍ തമ്മില്‍ ഒരിക്കലും സ്വത്ത് തര്‍ക്കങ്ങളുണ്ടായിട്ടില്ല. അതായിരുന്നു ഫ്രൈഡേ ഫിലിം ഹൗസിന്റെ വിജയം. പെട്ടെന്നുണ്ടായ ഒരു വികാരത്തിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും അടിയായതാണ്. പക്ഷെ, ആശുപത്രിയിലെത്തുമ്പോഴാണ് മാന്‍ഹാന്‍ഡിലിങ്ങാണെന്നും കേസ് കൊടുക്കണമെന്നും അറിയുന്നത്. കേസ് അവര്‍ കൊടുത്തതും ഞാന്‍ അറിഞ്ഞില്ല. പൊലീസ് സ്റ്റേഷനില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് പോയതും ഞാന്‍ അറിഞ്ഞില്ല. പെട്ടെന്ന് ഞാനാകെ പരിഭ്രമിച്ചുപോയി. വിജയ് യും പാനിക്കായിക്കാണണം. വിജയ് ഒരു ബന്ധവുമില്ലാത്ത പോസ്‌റ്റൊക്കയിട്ടു" എന്ന് സാന്ദ്ര പറയുന്നു.
ആളുകള്‍ പുറത്തു വിചാരിക്കുന്നതുപോലെ ഒരു പ്രശ്‌നമല്ലായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഫസ്റ്റ് ബേബിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. എന്റെ കുട്ടിയോട് ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ എനിക്ക് സഹിക്കാന്‍ പറ്റോ? ഞാന്‍ മുഖം നോക്കാതെ നടപടിയെടുത്തു. അത് വിജയിക്ക് വേദനയുണ്ടാക്കി. അതാണ് സംഭവിച്ചതെന്നും സാന്ദ്ര പറഞ്ഞു.
"ആ വിഷയത്തിന് ശേഷം സിനിമ തന്നെ വേണ്ട എന്നായി. ഞാന്‍ എല്ലാം വിജയ് ബാബുവിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. എല്ലാരും പറഞ്ഞു ഫ്രൈഡേ ഫിലിം ഹൗസ് നിന്റെ ബേബിയല്ലേ, നീ കൂടി ഉണ്ടാക്കിക്കൊണ്ടുവന്നതല്ലേ എന്ന്. വിജയ് പോലും പറഞ്ഞു. കുറച്ച് ശതമാനമെങ്കിലും ഫ്രൈഡേ ഫിലിം ഹൗസില്‍ വെയ്ക്ക് എന്ന്. സിനിമയേ വേണ്ട എന്ന് ഞാന്‍ പറഞ്ഞു. അപ്പോഴേക്ക് ഞാന്‍ ശരിക്കും മടുത്തു. ആറ് വര്‍ഷം കൊണ്ട് 60 വര്‍ഷത്തെ ജീവിതാനുഭവമാണ് സിനിമ തന്നിരിക്കുന്നത്. ഒരു ഹാപ്പി ഫാമിലിയായിരുന്നു എപ്പോഴും എന്റെ ആഗ്രഹം. ലൈഫ് കൊണ്ടുവന്ന് എന്നെ ബിസിനസിലേക്കിട്ടു. അതിലൊരു മിടുക്ക് എനിക്കുണ്ട്", സാന്ദ്ര പറയുന്നു.
മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ കഴിഞ്ഞ കുറച്ച് കാലം കൊണ്ട് ഒരുപാട് മാറ്റങ്ങളുണ്ടായെങ്കിലും ഇപ്പോഴും പുരുഷന്‍മാര്‍ക്ക് ആധിപത്യമുള്ള ഇടം തന്നെയാണെന്നും സാന്ദ്ര ചൂണ്ടിക്കാട്ടി. മലയാള സിനിമ പുരുഷന്‍മാരുടെ ഒരു സ്ഥലമെന്ന നിലയില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. മലയാള സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളോട് എന്താണ് പറയാനുള്ളതെന്ന് എല്ലാ ഇന്റര്‍വ്യൂകളിലേയും ഒരു ചോദ്യമാണ്. ഇതൊരു കംഫര്‍ട്ടിബിള്‍ സ്‌പേസ് അല്ല. പിന്നെ അവരോട് ഞാന്‍ എങ്ങനെ വരാന്‍ പറയും? എല്ലാ ദിവസവും വൈകാരികസമ്മര്‍ദ്ദം വളരെ കൂടുതലാണ്. മെന്റല്‍ ടോര്‍ച്ചര്‍ ഭയങ്കര കൂടുതലാണ്. നടന്‍മാരുടെ കൈയില്‍ നിന്നാണെങ്കിലുമൊക്കെ പച്ചത്തെറി കേള്‍ക്കുന്ന അവസ്ഥ വന്നിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞു.
കാശ് കൊടുത്തുപോയാല്‍ പിന്നെ നമ്മള്‍ അവിടെ അടിമയാണ്. പിന്നെ നമുക്ക് എങ്ങനെയെങ്കിലും ആ പടം ഇറക്കുകയല്ലേ വേണ്ടത്. എന്നിട്ടുപോലും ചില സന്ദര്‍ഭങ്ങളില്‍ എന്നോട് മാപ്പ് പറഞ്ഞിട്ട് മുന്നോട്ടുപോയാല്‍ മതി എന്ന് നിലപാട് എടുത്തിട്ടുണ്ട്. കൂടെയുള്ളവര്‍ മുഴുവന്‍ എതിരായിട്ടുപോലും. കാരണം അത് എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പോലെയാകും. പൈസയുണ്ടാക്കാന്‍ വേണ്ടി സിനിമയില്‍ നില്‍ക്കണ്ട കാര്യമെനിക്കുണ്ടോ? അങ്ങനെ സിനിമ ചെയ്തിട്ട് എന്താണ് കാര്യമെന്നും സാന്ദ്ര ചോദിച്ചു.
പത്ത് വര്‍ഷത്തിനിടയില്‍ ഒരുപാട് മാറിയെങ്കില്‍ പോലും പുരുഷന്‍മാരുടെ ആധിപത്യമാണ്. ഇപ്പോള്‍ പോലും എനിക്ക് പ്രശ്‌നമുണ്ടായാല്‍ ഞാന്‍ അത് അവതരിപ്പിക്കേണ്ട പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഇരിക്കുന്നത് മുഴുവന്‍ ആണുങ്ങളാണ്. പിന്തുണയില്ല എന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ, നമ്മളെ മനസിലാക്കേണ്ട രീതിയില്‍ മനസിലാക്കില്ല. ഒരു സ്ത്രീയാണെങ്കില്‍ കുറച്ചുകൂടെ മനസിലാക്കിയേനെയെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
രണ്ട് പേരും മാപ്പ് പറഞ്ഞു
ഫ്രൈഡേ, സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കി പെന്‍ എന്നിവയുടെ കാലമാണ് എനിക്ക് ഇഷ്ടമുള്ള സിനിമകള്‍ ചെയ്തിരുന്ന സമയം. തുടക്കത്തില്‍ ഭയങ്കര സീരിയസായി ബിസിനസിനെ കണ്ടിരുന്നു. എല്ലാ കാര്യങ്ങളിലും ഇടപെട്ടുകൊണ്ട്. സെറ്റില്‍ ഒരു നാരങ്ങാ മിഠായി വാങ്ങണമെങ്കില്‍ പോലും എന്റെ അനുവാദമില്ലാതെ പറ്റില്ലായിരുന്നു. ടെറര്‍ പ്രൊഡ്യൂസര്‍ എന്ന് തന്നെയാണ് ഞാന്‍ അറിയപ്പെട്ടിരുന്നത്. സെറ്റില്‍ ലേറ്റായി വന്ന വളരെ ഫേമസായിട്ടുള്ള നടന്‍മാരെ പോലും ഞാന്‍ ഇട്ടേച്ച് പോന്നിട്ടുണ്ട്. അവര്‍ പറയുന്ന പൈസ നമ്മള്‍ കൊടുത്തിട്ടാണ് അവരെ സിനിമയ്ക്ക് വിളിച്ചിരിക്കുന്നത്. പിന്നെ സെറ്റിലേക്ക് വരാന്‍ അവരുടെ കാലുപിടിച്ച് നില്‍ക്കണമെന്ന് പറയുന്നത് ശരിയല്ലല്ലോ. അവസാനം വളരെ പോപ്പുലറായ ആക്ടര്‍ തന്നെ ഓട്ടോറിക്ഷാ പിടിച്ചും സൈക്കിളില്‍ കയറിയും സെറ്റില്‍ വന്ന കഥയുണ്ടായിട്ടുണ്ട്. അത്രയും കണിശതയുള്ളയാളായിരുന്നു. അല്ലാതെ നമുക്ക് ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. നമ്മുടെ ഒരു പ്രശ്‌നം പറയാന്‍ ആരുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ ഏത് അസോസിയേഷനില്‍ ചെന്നാലും ആണുങ്ങളാണ്. അവര്‍ അവരുടെ മൈന്‍ഡ് സെറ്റിലാണ് കാര്യങ്ങളെ കാണുന്നത്. ഒരു സ്ത്രീ ഒരു പ്രശ്‌നത്തെ നേരിടുന്നതുപോലെയായിരിക്കില്ല പുരുഷന്മാര്‍ നേരിടുന്നത്. സിനിമാ മേഖലയില്‍ അത് വളരെ കൂടുതലായുണ്ട്.
ആട് സിനിമ ചെയ്യുന്ന സമയത്ത് ഞാന്‍ പ്രൊഡ്യൂസറാണ്. ഞാന്‍ മാത്രമേ സ്ത്രീയായിട്ടുള്ളൂ. വേറാരുമില്ല. ആടില്‍ മുഴുവന്‍ ആണുങ്ങളാണല്ലോ. ഒരു ദിവസത്തേക്ക് ശ്രിന്ദ വന്ന് പോയത് മാത്രമേയുള്ളൂ. ഒരാള്‍ക്ക് വേണ്ടി മാത്രമെന്തിനാണ് കാരവന്‍ എന്ന് പറഞ്ഞ് കാരവന്‍ എടുത്തില്ല. ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും ഞാന്‍ ബാത്‌റൂമില്‍ പോയിട്ടുണ്ട്. അതാണ് അവസ്ഥ.
ഒരു വലിയ വിഷയമുണ്ടായി. ഓഫീസില്‍ കയറി വന്ന് ബഹളമുണ്ടാക്കി അടിക്കാനൊക്കെ വന്നിട്ടുണ്ട്. വളരെ വളരെ ഹിറ്റായ ഒരു സിനിമയുടെ സംവിധായകനും എഴുത്തുകാരനുമാണ്. അവര്‍ ആ സിനിമയില്‍ നവാഗതരായിരുന്നു. അവരെ ഇരുത്തി കഥ എഴുതിച്ചതും ആര്‍ടിസ്റ്റിന് അഡ്വാന്‍സ് കൊടുത്തതും എല്ലാം ഞാനാണ്. പടത്തിന് വാല്യു ആയി എന്ന് കണ്ടുകഴിഞ്ഞപ്പോള്‍ വലിയ നിര്‍മ്മാതാക്കാള്‍ വന്നു. അന്ന് ഞാന്‍ കയറി വരുന്നതേയുള്ളൂ. രണ്ട് മൂന്ന് ചെറിയ സിനിമകള്‍ ചെയ്തിട്ടേയുള്ളൂ. വലിയ പ്രൊഡ്യൂസര്‍ വന്നപ്പോള്‍ അവര്‍ക്ക് എങ്ങനെയെങ്കിലും എന്റെ കൈയില്‍ നിന്ന് ഈ പ്രൊജക്ട് എടുക്കണം. അതിന് വേണ്ടി അവര്‍ സ്വീകരിച്ച മാര്‍ഗം വളരെ തെറ്റായിരുന്നു. അവര്‍ ഓഫീസില്‍ കയറി വന്ന് ബഹളമുണ്ടാക്കി. പടം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. എന്ത് കാരണം കൊണ്ട് പോകുന്നു എന്ന് ചോദിച്ചപ്പോള്‍ ഭയങ്കരമായിട്ട് ചൂടാകുന്നു. ‘എടീ..പോടീ.’ എന്ന് വിളിച്ച് റെയിസാകുന്നു. നമ്മള്‍ തിരിച്ച് റെയിസാകുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ, ഞാന്‍ ആ അവസ്ഥയില്‍ തളര്‍ന്നുപോയി. അസോസിയേഷനില്‍ പരാതിയായിട്ട് വന്നു. പ്രശ്‌നം വരുമ്പോള്‍ എല്ലാവരുടേയും കണ്ണ് ഈ സിനിമയിലാണ്. ഉണ്ടായ ആ വിഷയത്തെ ആരും ഗൗനിക്കുന്നില്ല ‘ആ അതു പോട്ടെ’ എന്നുള്ള രീതിയിലാണ് അവര്‍ കാണുന്നത്.
‘എന്നെ സംബന്ധിച്ചിടത്തോളം പടം ആരു ചെയ്യുന്നു എന്നത് പ്രശ്‌നമല്ല. ഞാന്‍ തന്ന അഡ്വാന്‍സ് നിങ്ങളെനിക്ക് തിരിച്ച് തരണ്ട. പക്ഷെ, നിങ്ങള്‍ ചെയ്തത് തെറ്റായിപ്പോയി. അതിന് നിങ്ങള്‍ എന്നോട് മാപ്പ് പറയണം’ എന്ന് പറഞ്ഞു. അത് ഇവര്‍ക്ക് പറ്റില്ല. ലിബര്‍ട്ടി ബഷീറും സിയാദ് കോക്കറും ‘ആരൊക്കെ ഇതിന് കൂട്ടുനിന്നാലും ഞങ്ങള്‍ കൂട്ടുനില്‍ക്കില്ല’ എന്ന് പറഞ്ഞു. ‘ഒരു വ്യക്തിയെ, ഒരു പ്രൊഡ്യൂസറെ ഇത്രയും മോശമായി ട്രീറ്റ് ചെയ്തിട്ട് ഞങ്ങള്‍ അവരുടെ കൂടെ നില്‍ക്കില്ല. സാന്ദ്ര പറയുന്ന നഷ്ടപരിഹാരം നിങ്ങള്‍ കൊടുത്തേ പറ്റൂ. മാത്രമല്ല അപ്പോളജി ലെറ്ററും കൊടുക്കണം’ എന്ന് പറഞ്ഞു. അവര്‍ അത് അംഗീകരിക്കുകയും ചെയ്തു. ’25 ലക്ഷം രൂപയും നഷ്ടപരിഹാരവുമൊന്നും വേണ്ടെന്ന്’ ഞാന്‍ പറഞ്ഞു. ‘എന്നെ അപമാനിച്ചതിന് മാപ്പ് പറയണം.’ രണ്ട് പേരും മാപ്പ് പറഞ്ഞു. മാത്രമല്ല അപ്പോളജി ലെറ്റര്‍ എഴുതിത്തന്നു. അത് ഫ്രെയിം ചെയ്ത് ഫ്രൈഡേ ഫിലിം ഹൗസിന്റെ മുന്നില്‍ തന്നെ വെയ്ക്കുകയും ചെയ്തവെന്നും സാന്ദ്ര പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
