മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായ ദിവ്യാ ഉണ്ണിക്ക് ജനുവരിയിലാണ് പെണ്‍കുഞ്ഞ് പിറന്നത്. ഒരു രാജകുമാരി കൂടി തനിക്ക് പിറന്നുവെന്നാണ് അന്ന് ദിവ്യാ ഉണ്ണി പറഞ്ഞത്. ദിവ്യാ ഉണ്ണിയുടെയും കുഞ്ഞിന്റെയും ഫോട്ടോകള്‍ അന്ന് ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ കുഞ്ഞിന് ചോറൂണ് നടത്തിയതിന്റെ ഫോട്ടോകളാണ് ദിവ്യാ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്.  ഭര്‍ത്താവ് അരുണ്‍ കുമാറിനും ഒപ്പമുള്ള ഫോട്ടോയാണ് ദിവ്യാ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്.

ഐശ്വര്യ എന്നാണ് രാജകുമാരിയുടെ പേരെന്നും ദിവ്യാ ഉണ്ണി അന്ന് അറിയിച്ചിരുന്നു. ഐശ്വര്യ ആദ്യമായി ചോറിന്റെ രുചിയറിയുന്നു എന്ന് എഴുതിയാണ് അരുണ്‍ കുമാറിനും മകള്‍ക്കുമൊപ്പമുള്ള ഫോട്ടോ ദിവ്യാ ഉണ്ണി ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2018ലായിരുന്നു ദിവ്യാ ഉണ്ണിയും അരുണ്‍ കുമാറും തമ്മിലുള്ള വിവാഹം. ആദ്യ വിവാഹത്തില്‍ ദിവ്യാ ഉണ്ണിക്ക് രണ്ട് മക്കളുണ്ട്. അര്‍ജുനും മീനാക്ഷിയും ദിവ്യാ ഉണ്ണിക്കൊപ്പമാണ് താമസം.