ദുരിതം അനുഭവിക്കേണ്ടിവന്ന ഓരോ നിരപരാധിയായ വിദ്യാർത്ഥിയുടെയും ഒപ്പമാണ് ഞാൻ.

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിലവിൽ നടക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായം വ്യക്തമാക്കി നടിയും സംരംഭകയും അവതാരകയുമായ ആര്യ ബഡായ്. ഒരമ്മയുടെ കണ്ണിലൂടെയാണ് ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങളെ ഞാൻ നോക്കിക്കാണുന്നതെന്ന് ആര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യതലസ്ഥാനത്തു നടക്കുന്ന സംഭവങ്ങൾ ഭാരിച്ച മനസോടെയാണ് ഞാൻ നോക്കിക്കാണുന്നത്. ഒരു പബ്ലിക് ഫിഗർ എന്ന രീതിയിലോ, രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയോ ഒന്നുമല്ല, ഒരു അമ്മയായാണ് എനിക്കതിനെ കാണാൻ കഴിയുക. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ തള്ളിയിടുന്നതും, മർദിക്കുന്നതും, വലിച്ചിഴക്കുന്നതും, അവരെ നിശബ്ദരാക്കുന്നതും കാണുമ്പോഴെല്ലാം, അവിടെ എന്റെ സ്വന്തം കുഞ്ഞിനെയാണ് ഞാൻ കാണുന്നത്. ഏതൊരു അച്ഛന്റെയും അമ്മയുടെയും ഹൃദയം തകർക്കാൻ ആ ഒരു ചിന്ത മാത്രം മതി.

നന്നായി പഠിക്കാനും, സത്യസന്ധരാകാനും, ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി ഉറച്ചുനിൽക്കാനും, ഉത്തരവാദിത്തമുള്ള പൗരന്മാരാകാനും നമ്മുടെ കുട്ടികളെ നാം പഠിപ്പിക്കുന്നു. എന്നാൽ അവർ തെറ്റാണെന്ന് വിശ്വസിക്കുന്നതിനെതിരെ ശബ്ദമുയർത്തുമ്പോൾ, ആ ശബ്ദം കേൾക്കേണ്ടതിനു പകരം അവരെ ഭയപ്പെടുത്തുകയാണോ ചെയ്യേണ്ടത്? ഇത് രാഷ്ട്രീയ പാർട്ടികളെക്കുറിച്ചുള്ള വിഷയമല്ല, മനുഷ്യത്വത്തെക്കുറിച്ചുള്ളതാണ്. ഓരോ പൗരനുമുള്ള അടിസ്ഥാന അവകാശത്തെക്കുറിച്ചുള്ളതാണ്. സ്വപ്നങ്ങളെ വളർത്തുകയാണ് ഒരു വിദ്യാഭ്യാസ സംവിധാനം ചെയ്യേണ്ടത്, അല്ലാതെ വിദ്യാർത്ഥികളുടെ മനോവീര്യം തകർക്കുക എന്നതല്ല. ഒരു ജനാധിപത്യസംവിധാനം അവിടുത്തെ യുവജനങ്ങളുടെ ശബ്ദം കേൾക്കണം.

തങ്ങളുടെ ആവശ്യങ്ങൾ കേൾക്കണമെന്ന് ശാന്തമായും ജനാധിപത്യപരമായും ആവശ്യപ്പെട്ട, ദുരിതം അനുഭവിക്കേണ്ടിവന്ന ഓരോ നിരപരാധിയായ വിദ്യാർത്ഥിയുടെയും ഒപ്പമാണ് ഞാൻ. തങ്ങളുടെ മക്കൾ സുരക്ഷിതരായി തിരികെയെത്തുമെന്ന പ്രതീക്ഷയിൽ ആശങ്കയോടെ കാത്തിരിക്കുന്ന ഓരോ മാതാപിതാക്കളോടുമൊപ്പമാണ് എന്റെ പ്രാർത്ഥന. അക്രമത്തിനു പകരം അനുകമ്പയുണ്ടാകട്ടെ. ബലപ്രയോഗത്തിനു പകരം ചർച്ചകളുണ്ടാകട്ടെ. നീതി ഒരിക്കലും ചിലരുടെ മാത്രം പ്രത്യേക അവകാശമായി മാറാതിരിക്കട്ടെ. കാരണം, വേദനിക്കപ്പെടുക എന്നതല്ല, പരിഗണിക്കപ്പെടുക എന്നതാണ് ഓരോ കുട്ടിയുടെയുടെയും അവകാശം'', ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക