വർത്തമാനം ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചതിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡ് അംഗമായ ബി.ജെ.പി നേതാവ് എഴുതിയ ട്വീറ്റിനെതിരെ തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത്. ദില്ലി ക്യാമ്പസിലെ വിദ്യാർത്ഥി സമരത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് ദേശ വിരുദ്ധമാകുന്നതെന്നും തിരക്കഥാകൃത്തിൻ്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു. അപ്രഖ്യാപിത സാംസ്കാരിക അടിയന്തരാവസ്ഥ അംഗീകരിക്കാനാവില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. 

ആര്യാടൻ ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഡൽഹി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുക. സെന്‍സര്‍ ബോര്‍ഡ് അംഗം ബി.ജെ.പി നേതാവ് അഡ്വ. വി. സന്ദീപ്കുമാറിന്റെ ട്വീറ്റില്‍ എല്ലാമുണ്ട്. ജെഎന്‍.യു സമരത്തിലെ ദലിത്, മുസ്ലീം പീഢനമായിരുന്നു വിഷയമെന്നും താന്‍ സിനിമയെ എതിര്‍ത്തതിന് കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്തായിരുന്നു എന്നുമാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത്. ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്. ഒരു സിനിമക്ക് പ്രദർശനാനുമതി  നൽകുന്നത് തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ ?സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ല.

ഡൽഹി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍...

Posted by Aryadan Shoukath on Sunday, 27 December 2020

'വര്‍ത്തമാനം' എന്ന ചിത്രത്തിനാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. പാർവതി തിരുവോത്താണ് ചിത്രത്തിൽ നായികയായി എത്തിയത്. ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരം. 

ഇതേദിവസം തന്നെ അഡ്വ. വി സന്ദീപ് കുമാര്‍ ഇട്ട ട്വീറ്റും വിവാദത്തിന് വഴിവച്ചിരുന്നു. ചിത്രം താന്‍ കണ്ടെന്നും ജെഎന്‍യു സമരത്തിലെ ദളിത്, മുസ്‍ലിം പീഡനമാണ് വിഷയമെന്നും സന്ദീപ് കുമാര്‍ കുറിച്ചു. ചിത്രത്തിന്‍റെ തിരക്കഥയും നിര്‍മ്മാണവും ആര്യാടന്‍ ഷൗക്കത്ത് ആയതുകൊണ്ടാണ് താന്‍ എതിര്‍ത്തതെന്നും' ഇയാൾ ട്വീറ്റ് ചെയ്തിരുന്നു. രഹസ്യസ്വഭാവമുള്ള സെൻസറിംഗ് വിവരങ്ങൾ അംഗങ്ങൾ പരസ്യമാക്കരുതെന്നാണ് ചട്ടം. ഇതിനൊപ്പം എതിര്‍പ്പറിയിച്ചതിനു നിരത്തിയ കാരണങ്ങളും ചർച്ചയായതോടെ സന്ദീപ് ട്വീറ്റ് പിൻവലിച്ചു. എന്നാല്‍ ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.