Asianet News MalayalamAsianet News Malayalam

ആര്യന്‍ ഖാന്‍റെ ഡ്രൈവറെ ചോദ്യം ചെയ്‍തു; മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യേകം അന്വേഷിക്കണമെന്ന് എന്‍സിപി മന്ത്രി

കേസന്വേഷണവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ഇംതിയാസ് ഖത്രിയെയും എന്‍സിബി ഓഫീസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്‍തു

aryan khans driver summoned by ncb in drugs on cruise case
Author
Thiruvananthapuram, First Published Oct 9, 2021, 6:36 PM IST

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസിൽ (Drug Party Case) അറസ്റ്റിലായ ആര്യൻ ഖാന്‍റെ (Aryan Khan) ഡ്രൈവറെ എൻസിബി (Narcotics Control Bureau/ NCB) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആഡംബര കപ്പൽ യാത്രയ്ക്കുവേണ്ടി ആര്യനെ തുറമുഖത്തെത്തിച്ച ഡ്രൈവറെയാണ് (Driver) എൻസിബി കസ്റ്റഡിയിലെടുത്തത്. ആര്യന്‍ ഖാന്‍റെ ബന്ധങ്ങളെക്കുറിച്ച് നന്നായി അറിയാവുന്ന ആളെന്ന നിലയിലായിരുന്നു എന്‍സിബിയുടെ ചോദ്യംചെയ്യല്‍. ഷാരൂഖിന് വേണ്ടിയും ഇടയ്ക്ക് ഇയാൾ വാഹനമോടിക്കാറുണ്ട്. 

അതേസമയം കേസന്വേഷണവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ഇംതിയാസ് ഖത്രിയെയും എന്‍സിബി ഓഫീസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്‍തു. രാവിലെ ഇദ്ദേഹത്തിന്‍റെ വീട്ടിലും ഓഫീസിലും റെയ്‍ഡ് നടത്തിയതിനു പിന്നാലെയായിരുന്നു ചോദ്യംചെയ്യല്‍. റെയ്‍ഡില്‍ ലഹരി വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം മഹാരാഷ്ട്രയിലെ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് എൻസിബിക്കെതിരെ ഇന്നും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. കേസുമായി ബന്ധപ്പെട്ട് എട്ട് പേര്‍ കസ്റ്റഡിയിലെന്നാണ് എൻസിബി ഔദ്യോഗികമായി പറഞ്ഞിരുന്നെങ്കിലും അതിൽ 11 പേർ ഉണ്ടായിരുന്നെന്ന് നവാബ് മാലിക് ആരോപിച്ചു. ബിജെപി നേതാവിന്‍റെ ബന്ധുവടക്കം ഇക്കൂട്ടത്തിലുണ്ടെന്നും ഇവരെ വിട്ടയക്കാൻ ആരാണ് നിർദ്ദേശിച്ചതെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ മൂന്നല്ല ആറു പേരെ വിട്ടയിച്ചിട്ടുണ്ടെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡേ പറഞ്ഞു. ഇവരെ തെളിവുകളുടെ അഭാവത്തിലാണ് വിട്ടയച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. കേസിൽ എൻസിബിക്ക് ബദലായി മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും നവാബ് മാലിക് ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ മുംബൈ മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കേസില്‍ അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്‍റ്, മുണ്‍മൂണ്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. മൂവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ആര്യന്‍ ഖാനെയും അര്‍ബാസ് മര്‍ച്ചന്‍റിനെയും ആര്‍തര്‍ റോഡ് ജയിലിലേക്കും മുണ്‍മൂണ്‍ ധമേച്ച ബൈക്കുള വനിതാ ജയിലിലേക്കുമാണ് മാറ്റിയിട്ടുള്ളത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരായ കുറ്റാരോപണം എന്‍ഡിപിഎസ് ആക്റ്റിനു കീഴില്‍ വരുന്നതിനാല്‍ ഒരു പ്രത്യേക കോടതിയില്‍ വിചാരണ നടത്തേണ്ട കേസാണ് ഇതെന്ന് എന്‍സിബിക്കുവേണ്ടി ഹാജരായ എഎസ്‍ജി അനില്‍ സിംഗ് വാദിച്ചു. എന്നാല്‍ ആര്യന്‍ ഖാനില്‍ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എന്‍സിപിഎസ് ആക്റ്റിനു കീഴില്‍ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയുടെ വാദം. ആര്യന്‍ ഖാന്‍റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ആവശ്യം കഴിഞ്ഞ ദിവസം ഇതേ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ആര്യനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. എൻസിബി കസ്റ്റഡിയിലെ ചോദ്യംചെയ്യൽ ഇനിയും ആവശ്യമില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി നടപടി. 

Follow Us:
Download App:
  • android
  • ios