ആവേശം എന്ന ഹിറ്റിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സൂര്യയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ പ്ലോട്ടിന്‍റെ ചുരുക്കം നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു
ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ട്രെന്‍ഡ് ആയ സിനിമയായിരുന്നു ഫഹദ് ഫാസില്‍ നായകനായ ആവേശം. ചിത്രത്തെ അഭിനന്ദിച്ച് എത്തിയവരില്‍ അലിയ ഭട്ടിനെപ്പോലെയുള്ള ബോളിവുഡ് താരങ്ങള്‍ വരെ ഉണ്ടായിരുന്നു. ആവേശം സംവിധായകന്‍ ജിത്തു മാധവന്‍റെ അടുത്ത ചിത്രവും ഇതിനകം പ്രേക്ഷകരില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. സംവിധായകന്‍റെ തമിഴ് അരങ്ങേറ്റ ചിത്രത്തില്‍ നായകനാവുന്നത് കേരളത്തിലും ഏറെ ആരാധകരുള്ള സൂര്യയാണ്. നസ്‍ലെനും നസ്രിയയും സൂര്യയ്ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം സുഷിന്‍ ശ്യാം ആണ്. ചിത്രത്തില്‍ സൂര്യ ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ കഥ സംബന്ധിച്ച ഒരു രത്നച്ചുരുക്കം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ പുറത്തെത്തിയിരിക്കുകയാണ്.
ഹൈപ്പ് ഉയര്‍ത്തി 'സൂര്യ 47'
തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലൂടെ എത്താനിരിക്കുന്ന തമിഴ് ചിത്രങ്ങളുടെ പട്ടിക ഇന്നലെ അവര്‍ പുറത്തുവിട്ടിരുന്നു. അതില്‍ സൂര്യ- ജിത്തു മാധവന്‍ ചിത്രവും ഉണ്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍ സൂര്യ 47 എന്നാണ്. സൂര്യയുടെ കരിയറിലെ 47-ാം ചിത്രം ആയതിനാലാണ് ഇത്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററും പുറത്തെത്തിയിട്ടുണ്ട്. പൊലീസ് യൂണിഫോം ധരിച്ച് പിന്‍തിരിഞ്ഞ് നില്‍ക്കുന്ന സൂര്യയെ ആണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒറ്റ വാചകത്തില്‍, എന്നാല്‍ കൗതുകകരമായി ആണ് ചിത്രത്തിന്‍റെ പ്ലോട്ട് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിരിക്കുന്നത്. ഗൗരവമുള്ള ഒരു ക്രൈമിന്‍റെ അന്വേഷണം, അത്ര ഗൗരവമില്ലാത്ത സംഘത്തിനൊപ്പം എന്നാണ് ആ വാചകം.
രോമാഞ്ചവും ആവേശവും ഒരുക്കിയ ജിത്തു മാധവനില്‍ നിന്ന് ഒരു ആക്ഷന്‍ കോമഡി ചിത്രം തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. സാഗരം സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആവേശത്തിലൂടെ ഫഹദ് ഫാസിലിന് കരിയറിലെ ഓര്‍ത്തിരിക്കാവുന്ന കഥാപാത്രങ്ങളിലൊന്നിനെ നല്‍കിയ ജീത്തു മാധവന്‍ ഏത് തരത്തിലായിരിക്കും സൂര്യയെ അവതരിപ്പിക്കുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കരിയറില്‍ വന്‍ പ്രതീക്ഷയോടെ എത്തിയ രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന്‍റെ സമ്മര്‍ദ്ദം സൂര്യയ്ക്കുണ്ട്. കങ്കുവയും റെട്രോയുമായിരുന്നു അത്. ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ് സൂര്യയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത് കേരളത്തിലാണ്.



