മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മോഹൻലാലിന്റെ ചിത്രം ദൃശ്യം 2. ഇപ്പോഴിതാ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിനാല്‍ സിനിമയില്‍ അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ആശാ ശരത്.

കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് കിട്ടി. ഇനി ദൃശ്യം 2വുമൊത്തുള്ള യാത്രയ്ക്ക് തുടക്കം. ഐജി ഗീത പ്രഭാകർ ആയി വീണ്ടുമെത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. ജീവിതത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം. നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും വേണം എന്ന് ആശാ ശരത് പറയുന്നു. ദൃശ്യം 2 ചിത്രീകരണം കൊച്ചിയില്‍ തുടങ്ങിയിരുന്നു. സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പരിശോധനയും നടത്തി കര്‍ശന നിയന്ത്രണങ്ങളോടെയാണ് തുടങ്ങിയത്. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാവരും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പഴയ താരങ്ങള്‍ തന്നെയുണ്ടാകും. മോഹൻലാല്‍ 26ന് ആണ് ജോയിൻ ചെയ്യുക. ആദ്യത്തെ പത്ത് ദിവസത്തെ ഇൻഡോര്‍ രംഗങ്ങള്‍ക്ക് ശേഷമാകും തൊടുപുഴയിലേക്ക് മാറുക. ചിത്രീകരണം കഴിയുന്നതുവരെ ആര്‍ക്കും പുറത്തുപോകാൻ അനുവാദമുണ്ടാകില്ല. മോഹൻലാല്‍ അടക്കം ചിത്രത്തിലെ മുഴുവൻ പേരും ഷെഡ്യൂള്‍ തീരുന്നതുവരെ ഒറ്റ ഹോട്ടലില്‍ തന്നെയായിരിക്കും താമസം.