തരുൺ മൂർത്തി-മോഹൻലാൽ ചിത്രമായ അതിമനോഹരത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച് നിർമ്മാതാവ് ആഷിക് ഉസ്മാൻ

തുടരും എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നതാണ് അതിമനോഹരം എന്ന ചിത്രത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. മോഹന്‍ലാല്‍ പൊലീസ് വേഷത്തിലാണെന്നതുള്‍പ്പെടെ അപൂര്‍വ്വം ചില വിവരങ്ങള്‍ മാത്രമാണ് ചിത്രത്തെക്കുറിച്ച് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിര്‍മ്മാതാവ് ആഷിക് ഉസ്മാന്‍ നല്‍കുന്ന മറുപടി ശ്രദ്ധ നേടുകയാണ്. നസ്‍ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് ഇന്ന് തിയറ്ററുകളിലെത്തിയ മോളിവുഡ് ടൈംസ് എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ആഷിക് ഉസ്മാന്‍ ആണ്. ഇതിന്‍റെ ആദ്യ ഷോയ്ക്ക് തിയറ്ററില്‍ എത്തിയപ്പോഴാണ് അതിമനോഹരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ യുട്യൂബേഴ്സ് അദ്ദേഹത്തോട് ചോദിച്ചത്. അതിന് ആഷിക് ഉസ്മാന്‍ നല്‍കിയ മറുപടി ഇങ്ങനെ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷൂട്ടിംഗ് എങ്ങനെ പോകുന്നുവെന്ന ചോദ്യത്തിന് ‘ഗംഭീരമായിട്ട് പോകുന്നു, അതിമനോഹരം’ എന്നാണ് ആഷിക് ഉസ്മാന്‍റെ മറുപടി. “അതിമനോഹരം ഷൂട്ട് നടക്കുന്നു. 80 ദിവസമായി. ഇനി ഒരു 40 ദിവസം കൂടി ഉണ്ടാവും ഷൂട്ട്. 120 ദിവസം മൊത്തം വരും. ഷൂട്ടിംഗ് എനിക്ക് തോന്നുന്നു ജൂലൈ 31-ാം തീയതി കഴിയും. നവംബറിലോ ഡിസംബറിലോ റിലീസ് ഉണ്ടാവും”. ചിത്രത്തില്‍ ഫീല്‍ ഗുഡ് മോഹന്‍ലാലോ അതോ മാസ് മോഹന്‍ലാലോ എന്ന ചോദ്യത്തിന് ഒരു ചെറിയ സിനിമയാണ് ഇതെന്ന് മറുപടി. “അത്രയേ ഉള്ളൂ. വളരെ ചെറിയ സിനിമ”, ആഷിക്കിന്‍റെ വാക്കുകള്‍. തുടരും വരുപ്പോള്‍ ചെറിയ സിനിമയെന്ന് പറഞ്ഞ് തരുണ്‍ മൂര്‍ത്തി പറ്റിച്ചതുപോലെയാണോ എന്ന ചോദ്യത്തിന് അതൊരു സര്‍പ്രൈസ് ആണെന്ന് ആഷിക് ഉസ്മാന്‍. ‘നല്ല പരിപാടിയാണ് എന്തായാലും’, ആഷിക് പറഞ്ഞു നിര്‍ത്തുന്നു. ചിത്രം മുടങ്ങിയെന്ന പ്രചരണങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെ- “ലാലേട്ടന്‍ ഒരു ഒന്നര മാസം അമേരിക്കയില്‍ പോയിട്ടുണ്ടായിരുന്നു. അവിടെ ഒരു ഷോ ഉണ്ടായിരുന്നു. ആളുകള്‍ക്ക് എന്തും പറയാമല്ലോ”, ആഷിക്കിന്‍റെ പ്രതികരണം.

പൊലീസ് പ്രൊസിജ്വറല്‍ ആന്‍ഡ് ഫാമിലി ഡ്രാമയെന്നാണ് ചിത്രത്തിന്‍റെ ജോണറിനെക്കുറിച്ചുള്ള ചോദ്യത്തിന് തരുണ്‍ മൂര്‍ത്തി നല്‍കിയ മറുപടി. ലവ്‍ലജന്‍ എന്നാണ് ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ പേര്. ജനുവരി 23 നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മീര ജാസ്മിന്‍ ആണ് ചിത്രത്തിലെ നായിക.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming