'ആര്‍ആര്‍ആറി'ന്‍റെ പ്രചരണത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അവര്‍ കോമഡി സ്റ്റാര്‍സ് ഫ്ലോറില്‍ എത്തിയത്

ഏഷ്യാനെറ്റിന്‍റെ ജനപ്രിയ ഷോ ആയ 'കോമഡി സ്റ്റാര്‍സ് സീസണ്‍ 3' (Comedy stars season 3) പുതുവത്സരദിന എപ്പിസോഡില്‍ അതിഥികളായി 'ആര്‍ആര്‍ആര്‍' (RRR) ടീമും ദിലീപും. ബിഗ് ബജറ്റ് ബഹുഭാഷാ ചിത്രം ആര്‍ആര്‍ആറിന്‍റെ സംവിധായകന്‍ എസ് എസ് രാജമൗലി (S S Rajamouli), പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് ഇന്നത്തെ എപ്പിസോഡില്‍ എത്തുക. ഇവരുടെ നൃത്തച്ചുവടുകളും കലാപ്രകടനങ്ങളുമൊക്കെ കോമഡി സ്റ്റാര്‍സ് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം. ആര്‍ആര്‍ആറിന്‍റെ പ്രചരണാര്‍ഥം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് രാജമൗലിയും താരങ്ങളും കോമഡി സ്റ്റാര്‍സ് ഫ്ലോറില്‍ എത്തിയത്. രാത്രി 9 മണിക്കാണ് സ്പെഷല്‍ എപ്പിസോഡിന്‍റെ സംപ്രേഷണം.

കൂടാതെ ദിലീപ്, നാദിര്‍ഷ, മുകേഷ്, ടിനി ടോം, നോബി എന്നിവര്‍ക്കൊപ്പം മറ്റ് ബിഗ് ബോസ് താരങ്ങളും ഇന്നത്തെ എപ്പിസോഡില്‍ എത്തുന്നുണ്ട്. പാഷാണം ഷാജിയും കോട്ടയം നസീറും ജനപ്രിയ കോമഡി താരങ്ങളും ഒരുക്കുന്ന സ്‍കിറ്റുകളും പുതുവത്സര സ്പെഷല്‍ എപ്പിസോഡിന് നിറം പകരും. 

അതേസമയം രാജമൗലിയുടെ ആര്‍ആര്‍ആര്‍ റിലീസ് മാറ്റിയിട്ടുണ്ട്. ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും തിയറ്ററുകളിലെ സിനിമാപ്രദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ വരുന്ന സാഹചര്യത്തിലാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.